എസ്ഥേർ 2:1-8

എസ്ഥേർ 2:1-8 MCV

പിന്നീട്, അഹശ്വേരോശ് രാജാവിന്റെ കോപം ശമിച്ചപ്പോൾ വസ്ഥിയെയും അവളുടെ പ്രവൃത്തിയെയും തന്റെ ഉത്തരവുകളെയുംപറ്റി അദ്ദേഹം ഓർത്തു. അപ്പോൾ രാജാവിന്റെ സ്വകാര്യസേവകർ, “രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ” എന്ന് നിർദേശിച്ചു. അദ്ദേഹം തുടർന്നു, “ശൂശൻ രാജധാനിയിലെ അന്തഃപുരത്തിലേക്കു സുന്ദരികളായ കന്യകമാരെ കൊണ്ടുവരാൻ രാജാവ് തന്റെ എല്ലാ പ്രവിശ്യകളിലും അധികാരികളെ നിയമിക്കട്ടെ. അവർ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ സംരക്ഷണയിൽ കഴിയട്ടെ; അവിടെ അവർക്കു സൗന്ദര്യവർധിതശുശ്രൂഷയും നൽകട്ടെ. അതിനുശേഷം രാജാവിനെ പ്രസാദിപ്പിക്കുന്ന യുവതി, വസ്ഥിക്കു പകരം രാജ്ഞിയാകട്ടെ.” ഈ ഉപദേശം രാജാവിനു ബോധിച്ചു; അദ്ദേഹം അങ്ങനെ ചെയ്തു. ആ സമയത്തു ശൂശൻ രാജധാനിയിൽ മൊർദെഖായി എന്ന ഒരു യെഹൂദനുണ്ടായിരുന്നു. ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു അദ്ദേഹം. ബാബേൽരാജാവായ നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് യെഖൊന്യാവ് എന്ന യെഹൂദാരാജാവിനോടൊപ്പം പ്രവാസികളാക്കിക്കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. മൊർദെഖായിക്ക് ഹദസ്സാ എന്നപേരിൽ ഒരു പിതൃസഹോദരപുത്രി ഉണ്ടായിരുന്നു. അവൾക്ക് മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ ഇദ്ദേഹമായിരുന്നു അവളെ വളർത്തിയത്. എസ്ഥേർ എന്നും പേരുള്ള അവൾ സുന്ദരിയും സുമുഖിയുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം മൊർദെഖായി അവളെ സ്വന്തം മകളായി സ്വീകരിച്ചിരുന്നു. രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി.