സഭാപ്രസംഗി 9:4-12
സഭാപ്രസംഗി 9:4-12 MCV
ജീവിച്ചിരിക്കുന്നവർക്കുമാത്രമാണ് പ്രത്യാശയുള്ളത്—ചത്ത സിംഹത്തെക്കാൾ എത്രയോ ഭേദമാണ് ജീവനുള്ള ഒരു നായ! ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു, എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല, അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും. അതോടെതന്നെ അവരുടെ സ്നേഹവും വിദ്വേഷവും അവരുടെ അസൂയയും അവരോടൊപ്പം ഇല്ലാതായിരിക്കുന്നു. സൂര്യനുകീഴിൽ സംഭവിക്കുന്ന ഒന്നിലും പിന്നീടവർക്കു യാതൊരു പങ്കും ഉണ്ടാകുകയില്ല. പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു. എപ്പോഴും വെള്ളവസ്ത്രം ധരിക്കുക, എപ്പോഴും നിന്റെ തലയിൽ തൈലം പുരട്ടുക. ദൈവം സൂര്യനുകീഴിൽ നിനക്കു നൽകിയിട്ടുള്ള ഈ അർഥശൂന്യമായ ജീവിതത്തിന്റെ നാളുകളിലെല്ലാം നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോടൊപ്പം അർഥശൂന്യമായ നിന്റെ ജീവിതം ആസ്വദിക്കുക. ഇതാണ് നിന്റെ ജീവിതത്തിനും സൂര്യനുകീഴേയുള്ള നിന്റെ കഠിനാധ്വാനത്തിനുമുള്ള ഓഹരി. നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല. മറ്റുചിലതും സൂര്യനുകീഴേ ഞാൻ കണ്ടു: ഓട്ടം വേഗമുള്ളവർക്കുള്ളതല്ല, യുദ്ധം ശക്തരായവർക്കുള്ളതുമല്ല. ജ്ഞാനികൾക്കു ഭക്ഷണവും വിവേകികൾക്കു സമ്പത്തും വിദ്യാസമ്പന്നർക്കു പ്രീതിയും ഉണ്ടാകുന്നില്ല; എന്നാൽ സമയവും അവസരവും അവർക്കെല്ലാവർക്കും ലഭിക്കുന്നു. മനുഷ്യർക്കാർക്കും അവരുടെ സമയം എപ്പോൾ വരും എന്നറിയാൻ കഴിയുകയില്ല: വലയിൽ പിടിക്കപ്പെടുന്ന മത്സ്യംപോലെയോ കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയോ അവരുടെമേൽ അപ്രതീക്ഷിതമായി വന്നുപതിക്കുന്ന ദുഷ്കാലങ്ങളാൽ മനുഷ്യർ പിടിക്കപ്പെടുന്നു.

