ദാനീയേൽ 8:13-19

ദാനീയേൽ 8:13-19 MCV

അപ്പോൾ ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു. സംസാരിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധനോട്, മറ്റൊരു വിശുദ്ധൻ: “നിരന്തരം അർപ്പിക്കുന്ന ഹോമയാഗമൃഗത്തെയും എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മത്സരത്തെയും വിശുദ്ധമന്ദിരം, സൈന്യം എന്നിവയും ചവിട്ടിമെതിക്കപ്പെടാൻ ഏൽപ്പിക്കപ്പെടുന്നതിനെയും സംബന്ധിച്ച ദർശനം നിറവേറാൻ എത്രകാലം വേണ്ടിവരും?” എന്നു ചോദിച്ചു. അദ്ദേഹം എന്നോട്: “2,300 സന്ധ്യകളും ഉഷസ്സുകളും വേണ്ടിവരും. അതിനുശേഷം വിശുദ്ധമന്ദിരം പുനർനിർമിക്കപ്പെടും” എന്നു പറഞ്ഞു. ദാനീയേൽ എന്ന ഞാൻ ദർശനം കണ്ടശേഷം അർഥം ഗ്രഹിക്കാൻ ആഗ്രഹിച്ചുകൊണ്ടിരിക്കെ, ഒരു പുരുഷരൂപം എന്റെമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. ഊലായി തീരങ്ങൾക്കു മധ്യേനിന്ന്, “ഗബ്രീയേലേ, ഇവനു ദർശനം ഗ്രഹിപ്പിച്ചുകൊടുക്കുക” എന്നു പറയുന്ന ഒരു പുരുഷന്റെ ശബ്ദം ഞാൻ കേട്ടു. അങ്ങനെ അദ്ദേഹം ഞാൻ നിന്നിരുന്നിടത്തു വന്നു. അദ്ദേഹം വന്നപ്പോൾ ഞാൻ ഭയപ്പെട്ടു കമിഴ്ന്നുവീണു. എന്നാൽ അദ്ദേഹം: “മനുഷ്യപുത്രാ,” ഈ ദർശനം അന്ത്യകാലത്തെ സംബന്ധിച്ചുള്ളതെന്നു ഗ്രഹിച്ചുകൊൾക, എന്നു പറഞ്ഞു. അദ്ദേഹം എന്നോടു സംസാരിച്ചുകൊണ്ടിരിക്കെ, ഞാൻ ബോധരഹിതനായി, നിലത്തു കമിഴ്ന്നുവീണു. അദ്ദേഹം എന്നെ തൊട്ടു നിവർന്നുനിൽക്കുമാറാക്കി. അദ്ദേഹം പറഞ്ഞു: “ഇതാ, ക്രോധകാലത്തിന്റെ അവസാനത്തിൽ എന്തു സംഭവിക്കുമെന്നു ഞാൻ നിന്നെ അറിയിക്കാൻ പോകുകയാണ്; കാരണം അത് അന്ത്യകാലത്തേക്കുള്ള ദർശനമത്രേ.