ദാനീയേൽ 2:31-45

ദാനീയേൽ 2:31-45 MCV

“രാജാവേ, അങ്ങു നോക്കിയപ്പോൾ അങ്ങയുടെ മുമ്പിലായി ഒരു വലിയ പ്രതിമ—അത്യധികം വലുപ്പമുള്ളതും ശോഭയോടെ തിളങ്ങുന്നതും കാഴ്ചയിൽ ഭയാനകവുമായ ഒരു പ്രതിമ—കാണപ്പെട്ടു. പ്രതിമയുടെ തല തങ്കനിർമിതമായിരുന്നു. അതിന്റെ നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും തുടകളും വെങ്കലംകൊണ്ടും കാലുകൾ ഇരുമ്പുകൊണ്ടും അതിന്റെ പാദങ്ങൾ ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും ആയിരുന്നു. അങ്ങ് നോക്കിക്കൊണ്ടിരിക്കെ, മനുഷ്യന്റെ കൈകൾകൊണ്ടല്ലാതെ രൂപപ്പെടുത്തിയ ഒരു പാറ അടർന്നുവന്നു പ്രതിമയുടെ ഇരുമ്പും കളിമണ്ണുംകൊണ്ടുള്ള കാൽ ഇടിച്ചുതകർത്തുകളഞ്ഞു. അപ്പോൾ ഇരുമ്പും കളിമണ്ണും വെങ്കലവും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്നു തരിപ്പണമായി; അതു വേനൽക്കാലത്തു മെതിക്കളത്തിലെ പതിരുപോലെ ആയിത്തീർന്നു. ഒന്നും ശേഷിപ്പിക്കാതെ കാറ്റ് അവയെ പറപ്പിച്ചുകളഞ്ഞു. പ്രതിമയെ ഇടിച്ച കല്ലോ, ഒരു വലിയ പർവതമായിത്തീർന്ന് ഭൂമിയിലെല്ലാം നിറഞ്ഞു. “ഇതായിരുന്നു സ്വപ്നം. ഇനി ഞങ്ങൾ രാജാവിനോട് സ്വപ്നത്തിന്റെ പൊരുൾ വിവരിക്കാം. രാജാവേ, അങ്ങ് രാജാധിരാജൻതന്നെ. സ്വർഗസ്ഥനായ ദൈവം അങ്ങേക്ക് ആധിപത്യവും ശക്തിയും ബലവും മഹത്ത്വവും നൽകിയിരിക്കുന്നു; മനുഷ്യവർഗത്തെയും വയലിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും അവിടന്ന് അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം അവിടന്ന് അങ്ങയെ ഭരണാധികാരിയാക്കിയിരിക്കുന്നു. സ്വർണംകൊണ്ടുള്ള തല അങ്ങുതന്നെ. “അങ്ങേക്കുശേഷം അങ്ങയുടേതിനെക്കാൾ താണ മറ്റൊരു രാജത്വം ഉയർന്നുവരും. അടുത്തതായി വെങ്കലംകൊണ്ടുള്ള മൂന്നാമതൊരു രാജത്വം ഭൂമിയെ മുഴുവൻ ഭരിക്കും. പിന്നീടുള്ള നാലാമത്തെ രാജത്വം ഇരുമ്പുപോലെ ശക്തമായിരിക്കും—ഇരുമ്പ് സകലതിനെയും തകർത്തു നശിപ്പിക്കുന്നല്ലോ—ഇരുമ്പു സകലതിനെയും തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും തകർത്തു തരിപ്പണമാക്കും. കാലും കാൽവിരലുകളും, ഭാഗികമായി കളിമണ്ണും ഭാഗികമായി ഇരുമ്പുമായി, അങ്ങു കണ്ടതുപോലെ അത് ഒരു വിഭജിതരാജത്വം ആയിരിക്കും. എന്നാൽ ഇരുമ്പും കളിമണ്ണും ഇടകലർന്നുകണ്ടതുപോലെ അതിൽ ഇരുമ്പിന്റെ ശക്തി കുറെ ഉണ്ടായിരിക്കും. കാൽവിരലുകൾ പകുതി ഇരുമ്പും പകുതി കളിമണ്ണും ആയിരുന്നതുപോലെ ആ രാജത്വം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും. അതിൽ ഇരുമ്പു കേവലം കളിമണ്ണിനോടു കലർന്നിരുന്നതുപോലെ അവർ വിവാഹബന്ധത്തിലൂടെ പരസ്പരം ഇടകലർന്നിരിക്കും. എങ്കിലും ഇരുമ്പു കളിമണ്ണിനോടു ചേരാത്തതുപോലെ അവർതമ്മിലും ചേർച്ചയുണ്ടാകുകയില്ല. “ആ രാജാക്കന്മാരുടെ കാലത്ത് സ്വർഗത്തിലെ ദൈവം ഒരിക്കലും നശിക്കാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്ക് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ സകലരാജ്യങ്ങളെയും തകർത്തു നശിപ്പിക്കും. എന്നാൽ ആ രാജ്യം എന്നേക്കും നിലനിൽക്കും. പർവതത്തിൽനിന്ന് മനുഷ്യന്റെ കരസ്പർശം കൂടാതെ പൊട്ടിച്ചെടുത്ത ഒരു കല്ലു വന്ന് ഇരുമ്പിനെയും വെങ്കലത്തെയും കളിമണ്ണിനെയും വെള്ളിയെയും സ്വർണത്തെയും തകർത്തുകളഞ്ഞതായി അങ്ങു കണ്ട ദർശനത്തിന്റെ അർഥം ഇതാണ്: “ഭാവിയിൽ സംഭവിക്കാനുള്ളത് വലിയവനായ ദൈവം അങ്ങയെ അറിയിച്ചിരിക്കുന്നു. സ്വപ്നം യാഥാർഥ്യവും അതിന്റെ വ്യാഖ്യാനം വിശ്വാസയോഗ്യവുമാണ്.”