നെബൂഖദ്നേസരിന്റെ ഭരണത്തിന്റെ രണ്ടാംവർഷത്തിൽ അദ്ദേഹം ഒരു സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി; അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. അപ്പോൾ രാജാവു സ്വപ്നം തന്നെ അറിയിക്കാൻ ആഭിചാരകരെയും മന്ത്രവാദികളെയും ക്ഷുദ്രക്കാരെയും ജ്യോതിഷികളെയും വിളിക്കാൻ കൽപ്പനകൊടുത്തു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു. അപ്പോൾ രാജാവ് അവരോട്, “ഞാൻ ഒരു സ്വപ്നംകണ്ടു. അത് എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു സ്വപ്നത്തിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയണം” എന്നു പറഞ്ഞു. ജ്യോതിഷികൾ അരാമ്യഭാഷയിൽ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ! സ്വപ്നമെന്തെന്ന് അടിയങ്ങളോടു കൽപ്പിച്ചാലും; ഞങ്ങൾ അതിന്റെ അർഥം വെളിപ്പെടുത്താം.” രാജാവ് ജ്യോതിഷികളോട് ഉത്തരം പറഞ്ഞത്: “എന്റെ ദൃഢനിശ്ചയം ഇതാണ്: സ്വപ്നവും അതിന്റെ അർഥവും നിങ്ങൾ എന്നെ അറിയിക്കാത്തപക്ഷം നിങ്ങളുടെ അവയവങ്ങൾ ഓരോന്നായി ഛേദിച്ചു വേർപെടുത്തുകയും നിങ്ങളുടെ വീട് കൽക്കൂമ്പാരമാക്കുകയും ചെയ്യും. എന്നാൽ സ്വപ്നവും അർഥവും നിങ്ങൾ എന്നെ അറിയിക്കുമെങ്കിൽ, നിങ്ങൾക്കു സമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും ലഭിക്കും. അതിനാൽ സ്വപ്നവും അതിന്റെ അർഥവും എന്നെ അറിയിക്കുക,” എന്നായിരുന്നു. അവർ ഒരിക്കൽക്കൂടി രാജാവിനോട് ഉത്തരം പറഞ്ഞു: “രാജാവ് സ്വപ്നം അടിയങ്ങളെ അറിയിച്ചാലും; അർഥം ഞങ്ങൾ വെളിപ്പെടുത്താം.” രാജാവ് ഉത്തരം പറഞ്ഞു: “എന്റെ കൽപ്പന മാറ്റം വരുത്താൻ കഴിയാത്തതെന്നറിഞ്ഞിട്ടും നിങ്ങൾ സമയം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. നിങ്ങൾ സ്വപ്നം എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങൾക്കുള്ള വിധി ഒന്നുമാത്രം. ഞാൻ എന്റെ മനസ്സു മാറ്റുന്നതുവരെ എന്നോടു വ്യാജവും വഷളത്തവും പറയാൻ നിങ്ങൾ ഒത്തുചേർന്നിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് അർഥം പറയാൻ കഴിയുമോ എന്ന് എനിക്ക് അറിയേണ്ടതിന് ആദ്യം സ്വപ്നം എന്തെന്നു നിങ്ങൾ എന്നോടു പറയുക.” ജ്യോതിഷികൾ രാജാവിനോട് ഉത്തരം പറഞ്ഞത്: “ഭൂമിയിലുള്ള മഹാനും ശക്തനുമായ ഒരു രാജാവും ഇപ്രകാരമൊരു കാര്യം ഏതെങ്കിലും ആഭിചാരകനോടോ മന്ത്രവാദിയോടോ ജ്യോത്സ്യനോടോ നാളിതുവരെ ചോദിച്ചിട്ടില്ല. ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള യാതൊരു മനുഷ്യനും ഭൂമിയിൽ ഇല്ല. തന്നെയുമല്ല, രാജാവ് ആവശ്യപ്പെടുന്ന കാര്യം വളരെ പ്രയാസമുള്ളതാണ്. ദേവതകൾ ഒഴികെ, ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള ആരുംതന്നെയില്ല. ദേവതകൾ മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നവരുമല്ലല്ലോ,” എന്നായിരുന്നു. ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി. ബാബേലിലെ എല്ലാ ജ്ഞാനികളെയും നശിപ്പിക്കാൻ അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ സകലജ്ഞാനികളെയും കൊന്നുകളയാനുള്ള കൽപ്പന രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ദാനീയേലിനെയും സ്നേഹിതന്മാരെയുംകൂടെ കൊല്ലുന്നതിന് അവർ ഉദ്യോഗസ്ഥരെ അയച്ചു. അങ്ങനെ ബാബേലിലെ ജ്ഞാനികളെയെല്ലാം കൊല്ലുന്നതിനു രാജാവിന്റെ സൈന്യാധിപനായ അര്യോക്ക് പുറപ്പെട്ടു. അദ്ദേഹത്തോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും ഉത്തരം പറഞ്ഞു. രാജാവിന്റെ സൈന്യാധിപനായ അര്യോക്കിനോട് ദാനീയേൽ ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ ഈ കൽപ്പന പുറപ്പെടുവിക്കാൻ സംഗതിയെന്ത്?” അപ്പോൾ അര്യോക്ക് ദാനീയേലിനോട് കാര്യം വിശദീകരിച്ചു. ഉടൻതന്നെ രാജസന്നിധിയിൽച്ചെന്ന് സ്വപ്നവ്യാഖ്യാനം രാജാവിനെ അറിയിക്കേണ്ടതിനു തനിക്കു സമയം നൽകണമെന്ന് ദാനീയേൽ അപേക്ഷിച്ചു. പിന്നീട്, ദാനീയേൽ ഭവനത്തിലെത്തി തന്റെ സ്നേഹിതന്മാരായ ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരോട് കാര്യം വിവരിച്ചുകേൾപ്പിച്ചു. അദ്ദേഹം അവരോട്, ബാബേലിലെ ജ്ഞാനികളായ മറ്റു പുരുഷന്മാരോടൊപ്പം വധിക്കപ്പെടാതിരിക്കേണ്ടതിന് ഈ രഹസ്യത്തെ സംബന്ധിച്ച് സ്വർഗത്തിലെ ദൈവത്തിന്റെ കാരുണ്യം തങ്ങൾക്കു ലഭിക്കേണ്ടതിന് അപേക്ഷിക്കാൻ ഉദ്ബോധിപ്പിച്ചു.
ദാനീയേൽ 2 വായിക്കുക
കേൾക്കുക ദാനീയേൽ 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ദാനീയേൽ 2:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ