ദാനീയേൽ 10:1-14

ദാനീയേൽ 10:1-14 MCV

പാർസിരാജാവായ കോരെശിന്റെ മൂന്നാംവർഷത്തിൽ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു. ആ കാര്യം സത്യവും ഒരു മഹായുദ്ധത്തെ സംബന്ധിക്കുന്നതും ആയിരുന്നു. ആ കാര്യത്തിന്റെ അർഥം ഒരു ദർശനത്തിലൂടെ അദ്ദേഹം മനസ്സിലാക്കി. ആ ദിവസങ്ങളിൽ ദാനീയേലെന്ന ഞാൻ മൂന്നാഴ്ചയായി ദുഃഖിച്ചുകൊണ്ടിരുന്നു. ആ മൂന്നാഴ്ച കഴിയുവോളം ഞാൻ സ്വാദുഭോജനം കഴിക്കുകയോ മാംസം, വീഞ്ഞ് എന്നിവ രുചിക്കുകയോ എണ്ണതേക്കുകയോ ചെയ്തില്ല. ഒന്നാംമാസം ഇരുപത്തിനാലാം തീയതി ഞാൻ മഹാനദിയായ ടൈഗ്രീസിന്റെ തീരത്തിരിക്കുകയായിരുന്നു. ഞാൻ തലയുയർത്തിനോക്കി ചണവസ്ത്രം ധരിച്ച് അരയിൽ ഊഫാസിൽനിന്നുള്ള തങ്കംകൊണ്ടു നിർമിച്ച അരപ്പട്ട കെട്ടിയതുമായ ഒരു പുരുഷനെ കണ്ടു. അദ്ദേഹത്തിന്റെ ശരീരം പുഷ്യരാഗംപോലെയും മുഖം മിന്നൽപ്പിണർപോലെയും കണ്ണുകൾ എരിയുന്ന പന്തങ്ങൾപോലെയും കൈകളും കാലുകളും മിനുക്കിയ വെങ്കലത്തിന്റെ ശോഭയുള്ളവയും ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ആൾക്കൂട്ടത്തിന്റെ ആരവംപോലെയും ആയിരുന്നു. ദാനീയേൽ എന്ന ഞാൻമാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെയുണ്ടായിരുന്നവർ ഈ ദർശനം കണ്ടില്ല. എങ്കിലും ഒരു വലിയ ഭീതി അവരുടെമേൽ വീണു; അവർ ഓടിയൊളിച്ചു. അങ്ങനെ ഞാൻ തനിയേ ഇരുന്ന് ആ മഹാദർശനം കണ്ടു; എന്നിൽ ബലം ശേഷിച്ചിരുന്നില്ല. എന്റെ മുഖം വിളറിവെളുത്തു; ഞാൻ ഒന്നിനും കഴിവില്ലാത്തവൻ ആയിത്തീർന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ഞാൻ കേട്ടു. ഞാൻ ആ ശബ്ദം കേട്ടപ്പോൾത്തന്നെ ബോധരഹിതനായി നിലത്തു കമിഴ്ന്നുവീണു. അപ്പോൾ ഒരു കരം എന്നെ സ്പർശിച്ചു; അപ്പോൾ കൈകളും കാൽമുട്ടുകളും ഊന്നി വിറച്ചുകൊണ്ടു ഞാൻ നിന്നു. അദ്ദേഹം എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടുകൊൾക, നിവർന്നുനിൽക്കുക. എന്നെ ഇപ്പോൾ അയച്ചിരിക്കുന്നത് നിന്റെ അടുക്കലേക്കാണ്” എന്നു പറഞ്ഞു. അദ്ദേഹം ഈ വാക്കുകൾ സംസാരിച്ചപ്പോൾ ഞാൻ വിറയലോടെ നിവർന്നുനിന്നു. പിന്നീട് അദ്ദേഹം പറഞ്ഞു: “ദാനീയേലേ, ഭയപ്പെടേണ്ട, ഇതു ഗ്രഹിക്കുന്നതിനും നിന്റെ ദൈവത്തിന്റെ മുമ്പിൽ സ്വയം താഴ്ത്തുന്നതിനും നീ മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കുകൾ കേട്ടിരിക്കുന്നു. നിന്റെ അപേക്ഷയ്ക്ക് ഉത്തരമായിത്തന്നെ ഞാൻ വന്നിരിക്കുന്നു. പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നുദിവസം എന്നോട് എതിർത്തുനിന്നു. അപ്പോൾ പ്രധാന പ്രഭുക്കന്മാരിൽ ഒരുവനായ മീഖായേൽ എന്നെ സഹായിക്കാൻ വന്നു. കാരണം ഞാൻ അവിടെ പാർസിരാജാവിനോടൊപ്പം തടഞ്ഞുവെക്കപ്പെട്ടിരുന്നു. നിന്റെ ജനത്തിനു ഭാവിയിൽ സംഭവിക്കാൻ പോകുന്നത് നിന്നെ അറിയിക്കാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. ദർശനം വിദൂരഭാവിയിലേക്കുള്ളതാകുന്നു.”