കൊലോസ്യർ 3:6-25
കൊലോസ്യർ 3:6-25 MCV
ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്. നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു. എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക. പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്, തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്. ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ. ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക. പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക. എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക. ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക. ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്. നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ. ഭാര്യമാരേ, കർത്താവിനു യോഗ്യമായവിധം നിങ്ങളുടെ ഭർത്താക്കന്മാർക്കും വിധേയപ്പെടുക. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം, അവരോടു പരുഷമായി പെരുമാറരുത്. മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ സകലത്തിലും അനുസരിക്കുക, അതു കർത്താവിനു പ്രസാദകരമല്ലോ. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്. അങ്ങനെചെയ്താൽ അവർ നിരാശരായിത്തീരും. ദാസന്മാരേ, ഭൂമിയിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യത്തിലും അനുസരിക്കുക: മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി, അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, എല്ലാ സമയത്തും ആത്മാർഥതയോടും ദൈവഭയത്തോടുംകൂടി അവരെ അനുസരിക്കുക. നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക: കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്. അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷഭേദം ഇല്ലല്ലോ.

