ആമോസ് 1:1-5

ആമോസ് 1:1-5 MCV

തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു. അദ്ദേഹം പറഞ്ഞു: “യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു, ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു; ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു, കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട് അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു. ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും. ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും; ആവെൻ താഴ്വരയിലെ രാജാവിനെയും ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും. അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,” എന്ന് യഹോവയുടെ അരുളപ്പാട്.