അപ്പോ.പ്രവൃത്തികൾ 8:1-25

അപ്പോ.പ്രവൃത്തികൾ 8:1-25 MCV

സ്തേഫാനോസിന്റെ വധത്തിന് ശൗലിന്റെയും അംഗീകാരം ഉണ്ടായിരുന്നു. അന്ന്, ജെറുശലേമിലെ സഭയ്ക്കെതിരേ ഒരു കഠിനമായ പീഡനം ഉണ്ടായി. അപ്പൊസ്തലന്മാരൊഴികെ എല്ലാവരും യെഹൂദ്യ, ശമര്യ എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. ഭക്തരായ ചിലർ സ്തെഫാനൊസിനെ സംസ്കരിച്ചു. അവർ അദ്ദേഹത്തെയോർത്ത് വളരെ വിലപിച്ചു. ശൗൽ വീടുതോറും ചെന്നു വിശ്വാസികളായ സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു തടവിലാക്കിക്കൊണ്ടു സഭയെ നശിപ്പിക്കാൻ ഉദ്യമിച്ചു. ചിതറിപ്പോയവർ, ചെന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം അറിയിച്ചു. ഫിലിപ്പൊസ് ശമര്യയിലെ ഒരു പട്ടണത്തിൽച്ചെന്ന് അവിടെ ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ചു. ഫിലിപ്പൊസിന്റെ പ്രഭാഷണം ജനം ഏകാഗ്രചിത്തരായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ സന്ദേശത്തെത്തുടർന്ന് ചെയ്ത ചിഹ്നങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ചെയ്തു. ദുരാത്മാക്കൾ ബാധിച്ചിരുന്ന അനേകരിൽനിന്ന് അവ ഉച്ചത്തിൽ അലറിക്കൊണ്ടു പുറത്തുപോയി. പല പക്ഷാഘാതരോഗികൾക്കും മുടന്തർക്കും സൗഖ്യം ലഭിച്ചു. അങ്ങനെ ആ പട്ടണത്തിൽ മഹാ ആനന്ദമുണ്ടായി. ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ കുറെക്കാലമായി മന്ത്രവാദം നടത്തി, താൻ ഒരു മഹാൻ എന്നു നടിച്ച് ശമര്യാപട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചിരുന്നു. “ഇയാൾ ദൈവത്തിന്റെ ശക്തിയാണ്; ഇയാളിൽ ശക്തീദേവിയാണ് ആവസിക്കുന്നത്,” എന്നു പറഞ്ഞുകൊണ്ട് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസംകൂടാതെ എല്ലാവരും ഇയാളിൽ ആകൃഷ്ടരായിരുന്നു. ശിമോൻ തന്റെ മന്ത്രവിദ്യകൊണ്ട് ഏറെക്കാലമായി അവരെ ഭ്രമിപ്പിച്ചതിനാലാണ് ജനം അയാളെ ശ്രദ്ധിച്ചത്. ദൈവരാജ്യത്തിന്റെ സുവിശേഷവും യേശുക്രിസ്തുവിന്റെ നാമവും ഫിലിപ്പൊസ് പ്രസംഗിച്ചതു കേട്ടപ്പോൾ അവർ യേശുവിൽ വിശ്വസിച്ചു. സ്ത്രീകളും പുരുഷന്മാരും സ്നാനമേറ്റു. ശിമോനും വിശ്വസിച്ചു സ്നാനമേറ്റു. അവിടെ നടന്ന ചിഹ്നങ്ങളും വീര്യപ്രവൃത്തികളും കണ്ടു വിസ്മയിച്ച അയാൾ ഫിലിപ്പൊസ് പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചു. ശമര്യയിലുള്ളവർ ദൈവവചനം സ്വീകരിച്ചെന്നു കേട്ടപ്പോൾ ജെറുശലേമിലുണ്ടായിരുന്ന അപ്പൊസ്തലന്മാർ പത്രോസിനെയും യോഹന്നാനെയും ശമര്യാക്കാരുടെ അടുത്തേക്കയച്ചു. അവർ വന്ന് ശമര്യയിലുള്ള വിശ്വാസികൾ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിന് അവർക്കായി പ്രാർഥിച്ചു. പരിശുദ്ധാത്മാവ് അന്നുവരെയും അവരിൽ ആരുടെയുംമേൽ വന്നിട്ടില്ലായിരുന്നു; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിരുന്നതേയുള്ളൂ. പത്രോസും യോഹന്നാനും അവരുടെമേൽ കൈകൾ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു. അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ പരിശുദ്ധാത്മാവിനെ ലഭിച്ചതു കണ്ട ശിമോൻ അവർക്കു പണം വാഗ്ദാനംചെയ്തുകൊണ്ട്, “ഞാനും ആരുടെയെങ്കിലുംമേൽ കൈവെച്ചാൽ അവർക്കും പരിശുദ്ധാത്മാവിനെ ലഭിക്കേണ്ടതിന് ഈ ശക്തി എനിക്കും നൽകണമേ” എന്നപേക്ഷിച്ചു. “ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ ചിന്തിച്ചതുകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരില്ലാത്തത് ആയതുകൊണ്ട് ഈ ശുശ്രൂഷയിൽ നിനക്കു പങ്കും ഓഹരിയും ഇല്ല. നീ ഈ ദുഷ്ടതയെപ്പറ്റി അനുതപിച്ച് കർത്താവിനോടു പ്രാർഥിക്കുക. ഒരുപക്ഷേ അവിടന്നു നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ക്ഷമിച്ചുതരും. നീ അസൂയ നിറഞ്ഞവനും പാപത്താൽ ബന്ധിക്കപ്പെട്ടവനുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു” എന്ന് പത്രോസ് മറുപടി പറഞ്ഞു. അപ്പോൾ ശിമോൻ, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കണമേ” എന്നപേക്ഷിച്ചു. കർത്താവിന്റെ വചനത്തിനു സാക്ഷ്യംവഹിച്ചു പ്രസംഗിച്ചശേഷം പത്രോസും യോഹന്നാനും ശമര്യയിലെ നിരവധി ഗ്രാമങ്ങളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജെറുശലേമിലേക്കു മടങ്ങിപ്പോയി.