അപ്പോ.പ്രവൃത്തികൾ 7:20-25

അപ്പോ.പ്രവൃത്തികൾ 7:20-25 MCV

“ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി. അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു. “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു. മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല.