അപ്പോ.പ്രവൃത്തികൾ 7:1-30

അപ്പോ.പ്രവൃത്തികൾ 7:1-30 MCV

അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു. അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി. ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു. “അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു. അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി. ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും. എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’ പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു. “ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു. എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു. “അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി. ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു. രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു. പിന്നീട് യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു. അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു. അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു. “അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു. കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’ അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു. “ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി. അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി. മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു. “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു. തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു. മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല. അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു. “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’ ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു. “അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.