അപ്പോ.പ്രവൃത്തികൾ 4:13-31

അപ്പോ.പ്രവൃത്തികൾ 4:13-31 MCV

പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി. സൗഖ്യം ലഭിച്ച മനുഷ്യൻ അവിടെ അവരോടുകൂടെ നിൽക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവരോടു ന്യായാധിപസമിതിയിൽനിന്നു പുറത്തുപോകാൻ കൽപ്പിച്ചതിനുശേഷം അവർക്കിടയിൽ ഇങ്ങനെ ചർച്ചചെയ്തു, “ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല. എങ്കിലും അത് ജനമധ്യേ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ഒരിക്കലും ഒരു മനുഷ്യനോടും അവർ സംസാരിക്കരുതെന്നു താക്കീതു നൽകാം.” തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി. അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക. ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു. ഈ സംഭവംനിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാനുള്ള പഴുതൊന്നും ന്യായാധിപസമിതിയിലുള്ളവർ കണ്ടില്ല. വീണ്ടും അവരെ ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചു. നാൽപ്പതിലേറെ വയസ്സുള്ള ഒരാളായിരുന്നു അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച ആ മനുഷ്യൻ. ജയിൽമോചിതരായശേഷം പത്രോസും യോഹന്നാനും സ്നേഹിതരുടെ അടുക്കൽ മടങ്ങിച്ചെന്ന് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും തങ്ങളോടു പറഞ്ഞതെല്ലാം വിശ്വാസസമൂഹത്തെ അറിയിച്ചു. അതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ഉച്ചസ്വരത്തിൽ ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ, ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: “ ‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്? കർത്താവിനും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.’ അങ്ങ് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി, സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു. ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ. അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.” ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി.