അപ്പൊ.പ്രവൃത്തികൾ 26:12-23

അപ്പൊ.പ്രവൃത്തികൾ 26:12-23 MCV

“അങ്ങനെയുള്ള ഒരു യാത്രയിൽ, ഞാൻ പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരവും ആജ്ഞയും വാങ്ങി ദമസ്കോസിലേക്കു പോകുകയായിരുന്നു. അല്ലയോ രാജാവേ, ഉച്ചയോടടുത്ത സമയം, ഞാൻ വഴിയിലൂടെ പോകുമ്പോൾ ആകാശത്തുനിന്നു സൂര്യനെക്കാൾ ഉജ്ജ്വലമായ ഒരു പ്രകാശം എന്റെയും എന്റെ സഹയാത്രികരുടെയും ചുറ്റും മിന്നുന്നതുകണ്ടു. ഞങ്ങളെല്ലാവരും നിലത്തു വീണുപോയി; ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്? ആണിയിൽ തൊഴിക്കുന്നതു നിനക്കു ഹാനികരമാണ്,’ എന്ന് എബ്രായഭാഷയിൽ പറയുന്ന ഒരു അശരീരി ഞാൻ കേട്ടു. “അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു. ‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്. നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും, അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ അവർക്കു പാപക്ഷമയും വിശുദ്ധീകരിക്കപ്പെടുന്നവരുടെ ഇടയിൽ സ്ഥാനവും ലഭിക്കാനും ഞാൻ നിന്നെ അവരുടെ അടുത്തേക്കയയ്ക്കുന്നു.’ “അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗീയദർശനത്തോട് അനുസരണക്കേടുകാണിച്ചില്ല. ഒന്നാമത് ദമസ്കോസിലുള്ളവരോടും പിന്നെ ജെറുശലേംനഗരത്തിലും യെഹൂദ്യപ്രദേശത്തെങ്ങുമുള്ളവരോടും തുടർന്ന് യെഹൂദേതരരോടും അവർ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയണമെന്നും, അവരുടെ മാനസാന്തരം പ്രവൃത്തികളിലൂടെ തെളിയിക്കണമെന്നും ഞാൻ പ്രസംഗിച്ചു. ഇതാണ് യെഹൂദന്മാർ ദൈവാലയാങ്കണത്തിൽവെച്ച് എന്നെ പിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കാരണമായത്. ഈ ദിവസംവരെ ദൈവത്തിൽനിന്ന് സഹായം ലഭിച്ചതിനാൽ ഇവിടെ നിന്നുകൊണ്ട് ചെറിയവരോടും വലിയവരോടും ഒരുപോലെ സാക്ഷ്യം പറയുന്നു. ക്രിസ്തു കഷ്ടമനുഭവിക്കുമെന്നും മരിച്ചവരിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റ് സ്വന്തം ജനമായ യെഹൂദർക്കും ഇതരർക്കും പ്രകാശം വിളംബരംചെയ്യുമെന്നും ആണ് ഈ സന്ദേശം. ഭാവിയിൽ സംഭവിക്കുമെന്ന് മോശയും മറ്റു പ്രവാചകന്മാരും പറഞ്ഞതിനപ്പുറമായി ഒന്നുംതന്നെ ഞാൻ പറയുന്നില്ല.”