അപ്പൊ.പ്രവൃത്തികൾ 23:16-35

അപ്പൊ.പ്രവൃത്തികൾ 23:16-35 MCV

എന്നാൽ, പൗലോസിന്റെ പെങ്ങളുടെ മകൻ ഈ പതിയിരിപ്പിനെപ്പറ്റി കേട്ട്, സൈനികത്താവളത്തിൽ എത്തി ഉള്ളിൽക്കടന്ന് പൗലോസിനെ വിവരം ധരിപ്പിച്ചു. അപ്പോൾ പൗലോസ് ശതാധിപന്മാരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുക്കലെത്തിക്കണം. ഇയാൾക്ക് അദ്ദേഹത്തോട് ചിലതു പറയാനുണ്ട്” എന്നു പറഞ്ഞു. ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്നു പറഞ്ഞു. സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്കു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു. “പൗലോസിനെപ്പറ്റി കൂടുതൽ സൂക്ഷ്മവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഭാവത്തിൽ അദ്ദേഹത്തെ നാളെ ന്യായാധിപസമിതിക്കുമുമ്പിൽ കൊണ്ടുവരണമെന്ന് അങ്ങയോടപേക്ഷിക്കാൻ യെഹൂദന്മാർതമ്മിൽ പറഞ്ഞൊത്തിരിക്കുകയാണ്. അങ്ങ് അവർക്കു വഴങ്ങിക്കൊടുക്കരുത്. അവരിൽ നാൽപ്പതിലധികംപേർ അദ്ദേഹത്തിനായി പതിയിരിക്കുന്നുണ്ട്. അദ്ദേഹത്തെ കൊന്നതിനുശേഷംമാത്രമേ തിന്നുകയോ കുടിക്കുകയോ ചെയ്യുകയുള്ളൂ എന്ന് അവർ ഉഗ്രശപഥംചെയ്തിരിക്കുകയാണ്. അവരുടെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി അങ്ങയിൽനിന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുന്നു” എന്ന് അയാൾ പറഞ്ഞു. “നീ ഈ വിവരം എന്നെ ധരിപ്പിച്ചെന്ന് ആരോടും പറയരുത്,” എന്നു താക്കീതു കൊടുത്തിട്ട് സൈന്യാധിപൻ ആ യുവാവിനെ പറഞ്ഞയച്ചു. അതിനുശേഷം അയാൾ തന്റെ ശതാധിപന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട് ഇങ്ങനെ ആജ്ഞാപിച്ചു: “ഇന്നു രാത്രി ഒൻപതുമണിക്ക് കൈസര്യയിലേക്കു പോകാൻ ഇരുനൂറ് കാലാൾസൈനികരെയും എഴുപത് കുതിരപ്പട്ടാളത്തെയും കുന്തമേന്തുന്ന ഇരുനൂറ് സൈനികരെയും തയ്യാറാക്കി നിർത്തുക. പൗലോസിനെ ഭരണാധികാരിയായ ഫേലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കാൻ അദ്ദേഹത്തിനു യാത്രചെയ്യുന്നതിനുള്ള വാഹനമൃഗങ്ങളെയും കരുതണം.” അദ്ദേഹം ഭരണാധികാരിക്ക് ഇപ്രകാരം ഒരു കത്തെഴുതി: അഭിവന്ദ്യനായ ഭരണാധികാരി ഫേലിക്സിന്, ക്ലൗദ്യൊസ് ലുസിയാസിന്റെ അഭിവാദനങ്ങൾ. ഈ മനുഷ്യനെ യെഹൂദർ പിടിച്ചു വധിക്കാൻ ഭാവിക്കുകയായിരുന്നു. എന്നാൽ, അയാൾ റോമൻ പൗരൻ എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ സൈന്യവുമായി ചെന്ന് അയാളെ രക്ഷപ്പെടുത്തി. അവർ അയാളുടെമേൽ ആരോപിക്കുന്ന കുറ്റമെന്തെന്നറിയാൻ ഞാനാഗ്രഹിച്ചു; അയാളെ അവരുടെ ന്യായാധിപസമിതിക്കുമുമ്പാകെ ഞാൻ കൊണ്ടുവന്നു. അവരുടെ ആരോപണങ്ങൾ, തങ്ങളുടെ ന്യായപ്രമാണസംബന്ധമായ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവ ആയിരുന്നു എന്നും മരണശിക്ഷയ്ക്കോ തടവിനോ അർഹമായ കുറ്റങ്ങൾ ഒന്നുമില്ല എന്നും ഞങ്ങൾ മനസ്സിലാക്കി. അയാൾക്കെതിരായി ഒരു ഗൂഢാലോചന നടക്കുന്നെന്ന് എനിക്ക് അറിവു ലഭിച്ച ഉടൻതന്നെ ഞാൻ അയാളെ അങ്ങയുടെ അടുത്തേക്കയയ്ക്കുകയാണ്. അവരുടെ പരാതി അങ്ങയോടു ബോധിപ്പിക്കാൻ ഞാൻ വാദികൾക്ക് ഉത്തരവിടുകയും ചെയ്തു. തങ്ങൾക്കു ലഭിച്ച കൽപ്പനയനുസരിച്ചു പടയാളികൾ പൗലോസിനെ രാത്രിയിൽ കൂട്ടിക്കൊണ്ട് അന്തിപത്രിസുവരെ എത്തിച്ചു. പിറ്റേന്നു കുതിരപ്പട്ടാളത്തെ അദ്ദേഹത്തോടൊപ്പം അയച്ചിട്ട് ബാക്കി സൈനികർ അവരുടെ താവളത്തിലേക്കു മടങ്ങി. കുതിരപ്പട്ടാളം കൈസര്യയിൽ എത്തി; അവർ കത്ത് ഭരണാധികാരിക്കു കൊടുത്തു; പൗലോസിനെ അദ്ദേഹത്തിന്റെമുമ്പിൽ ഹാജരാക്കി. ഭരണാധികാരി എഴുത്തു വായിച്ചിട്ട്, അദ്ദേഹം ഏതു പ്രവിശ്യയിൽനിന്നുള്ളവനാണ് എന്നു ചോദിച്ചു. കിലിക്യക്കാരനാണെന്നു മനസ്സിലാക്കിയിട്ട്, “വാദികളുംകൂടെ വന്നതിനുശേഷം ഞാൻ നിന്നെ വിസ്തരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പൗലോസിനെ ഹെരോദാവിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു.