ക്രിസ്തുമാർഗത്തെ നശിപ്പിച്ച് ഇല്ലാതെയാക്കാനായി ഞാൻ സ്ത്രീപുരുഷവ്യത്യാസംകൂടാതെ എല്ലാവരെയും പിടികൂടി കാരാഗൃഹത്തിലടയ്ക്കുകയും അവർ മരിച്ചാലും സാരമില്ല എന്ന മനോഭാവത്തോടെ പീഡിപ്പിക്കുകയും ചെയ്തു. ഇതിനെല്ലാം മഹാപുരോഹിതനും ന്യായാധിപസമിതിയിലെ എല്ലാവരും സാക്ഷികളാണ്. ദമസ്കോസിലുള്ള അവരുടെ സഹോദരന്മാരുടെപേർക്ക് അവരിൽനിന്ന് അധികാരപത്രങ്ങളും വാങ്ങി, അവിടെനിന്ന് ഈ മാർഗക്കാരെ തടവുകാരാക്കി ജെറുശലേമിൽ കൊണ്ടുവന്ന് ശിക്ഷിക്കാനായി ഞാൻ അവിടേക്കുപോയി. “അങ്ങനെ യാത്രചെയ്തു ദമസ്കോസ് പട്ടണത്തിനടുത്തെത്തിയപ്പോൾ, ഏകദേശം നട്ടുച്ചനേരത്ത് ആകാശത്തുനിന്ന് അത്യുജ്ജ്വലമായ ഒരു പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും മിന്നി. ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരു അശരീരി ഞാൻ കേട്ടു. “ ‘അങ്ങ് ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശുവാണു ഞാൻ’ അവിടന്ന് ഉത്തരം പറഞ്ഞു. എന്റെ കൂടെയുള്ളവർ പ്രകാശം കണ്ടുവെങ്കിലും എന്നോടു സംസാരിച്ചയാളിന്റെ ശബ്ദം കേട്ടില്ല. “ ‘കർത്താവേ, ഞാൻ എന്തു ചെയ്യണം’ എന്നു ചോദിച്ചു. “അതിനു കർത്താവ് എന്നോട്, ‘എഴുന്നേറ്റു ദമസ്കോസിലേക്കു പോകുക, നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ചു നിന്നോടു പറയും’ എന്നു പറഞ്ഞു. ആ പ്രകാശത്തിന്റെ തേജസ്സ് എനിക്ക് അന്ധത വരുത്തിയിരുന്നതുകൊണ്ട് എന്റെ സഹയാത്രികർ എന്നെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തി. “അനന്യാസ് എന്നു പേരുള്ള ഒരാൾ എന്നെ കാണാനെത്തി. അദ്ദേഹം ഭക്തിയോടെ ന്യായപ്രമാണം പാലിക്കുന്നവനും ആ സ്ഥലത്തു താമസിച്ചിരുന്ന എല്ലാ യെഹൂദരാലും ആദരിക്കപ്പെടുന്നവനുമായിരുന്നു. അദ്ദേഹം എന്റെ അടുക്കൽനിന്നുകൊണ്ട്, ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു. ഉടൻതന്നെ എനിക്കു കാഴ്ച ലഭിച്ചു; അദ്ദേഹത്തെ കാണാൻ കഴിഞ്ഞു. “പിന്നെ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പൂർവികരുടെ ദൈവം, അവിടത്തെ ഇഷ്ടം അറിയാനും നീതിമാനായവനെ ദർശിക്കാനും തിരുവായിൽനിന്നുള്ള വചനങ്ങൾ കേൾക്കാനും നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. നീ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ച്, നീ സകലമനുഷ്യർക്കും മുമ്പാകെ അവിടത്തെ സാക്ഷിയായിത്തീരും. ഇനി താമസിക്കുന്നതെന്തിന്? എഴുന്നേറ്റ് സ്നാനമേൽക്കുക. തിരുനാമം വിളിച്ചപേക്ഷിച്ച്, നിന്റെ പാപങ്ങൾ കഴുകിക്കളയുക.’
അപ്പൊ.പ്രവൃത്തികൾ 22 വായിക്കുക
കേൾക്കുക അപ്പൊ.പ്രവൃത്തികൾ 22
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പൊ.പ്രവൃത്തികൾ 22:4-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ