അപ്പൊ.പ്രവൃത്തികൾ 2:23-41

അപ്പൊ.പ്രവൃത്തികൾ 2:23-41 MCV

ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു. എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു. ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: “ ‘ഞാൻ കർത്താവിനെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല. അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും പ്രത്യാശയിൽ നിവസിക്കും. എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല; അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയുമില്ല. ജീവന്റെ വഴികൾ അവിടന്ന് എന്നെ അറിയിച്ചു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും.’ “സഹോദരങ്ങളേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും എനിക്ക് നിങ്ങളോട് ഉറപ്പായി പറയാൻകഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ. ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു. ‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു. ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു. അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്ന് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും കേൾക്കുകയുംചെയ്യുന്നത്. ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നതിങ്ങനെയാണ്: “ ‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ, നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.” ’ “അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.” ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു. പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും. നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.” ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.