പെന്തക്കൊസ്തുനാൾ വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു. പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു. തീജ്വാലപോലെ പിളർന്ന നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയും ചെയ്തു. എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.
എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു. ഈ ശബ്ദംകേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി. അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ? പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ? പാർഥ്യരും മേദ്യരും ഏലാമ്യരും; മെസൊപ്പൊത്താമിയ, യെഹൂദ്യാ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യാപ്രവിശ്യ, ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്ന് വന്ന സന്ദർശകരായ യെഹൂദരും യെഹൂദാമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!” എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു.
എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു.
അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം. നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ ആയിട്ടുള്ളൂ? യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്:
“ ‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ
സകലമനുഷ്യരുടെമേലും പകരും;
നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും,
നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും;
നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും
ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും,
അതിനാൽ അവരും പ്രവചിക്കും.
ഞാൻ ഉയരെ ആകാശത്തിൽ അത്ഭുതങ്ങളും
താഴേ ഭൂമിയിൽ ചിഹ്നങ്ങളും നൽകും—
രക്തവും തീയും പുകച്ചുരുളുംതന്നെ.
കർത്താവിന്റെ ശ്രേഷ്ഠവും തേജോമയവുമായ ദിവസം വരുന്നതിനുമുമ്പേ
സൂര്യൻ ഇരുളായി മാറുകയും
ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന
ഏതൊരുവനും രക്ഷിക്കപ്പെടും,’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
“ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ. ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു. എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു.