അപ്പൊ.പ്രവൃത്തികൾ 19:1-21

അപ്പൊ.പ്രവൃത്തികൾ 19:1-21 MCV

അപ്പൊല്ലോസ് കൊരിന്തിൽ ആയിരുന്നപ്പോൾ, പൗലോസ് ഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്ത് എഫേസോസിൽ എത്തിച്ചേർന്നു. അവിടെ ചില ശിഷ്യന്മാരെ കണ്ടുമുട്ടി. അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങൾ വിശ്വസിച്ചപ്പോൾ നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചുവോ?” “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല,” അവർ ഉത്തരം പറഞ്ഞു. “എങ്കിൽ, നിങ്ങൾ സ്വീകരിച്ച സ്നാനം ഏതായിരുന്നു?” അദ്ദേഹം ചോദിച്ചു. “അത് യോഹന്നാൻ നൽകിയ സ്നാനം ആയിരുന്നു,” അവർ ഉത്തരം പറഞ്ഞു. അതിനു പൗലോസ്, “യോഹന്നാന്റെ സ്നാനം മാനസാന്തരസ്നാനമായിരുന്നു. തന്റെ പിന്നാലെ വരുന്നവനിൽ, അതായത്, യേശുവിൽ, വിശ്വസിക്കണമെന്ന് യോഹന്നാൻ ജനങ്ങളെ ഉപദേശിച്ചു” എന്നു പറഞ്ഞു. ഇതു മനസ്സിലാക്കിയ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റു. പൗലോസ് അവരുടെമേൽ കൈകൾ വെച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു; വിവിധ ഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. അവരെല്ലാംകൂടി പന്ത്രണ്ടോളംപേർ ആയിരുന്നു. പൗലോസ് മൂന്നുമാസംവരെ അവിടെയുള്ള യെഹൂദപ്പള്ളിയിൽച്ചെന്ന് സധൈര്യം പ്രസംഗിക്കുകയും ജനങ്ങൾക്ക് പൂർണവിശ്വാസം വരത്തക്കവണ്ണം ദൈവരാജ്യത്തെക്കുറിച്ച് തർക്കിക്കുകയും ചെയ്തു. എന്നാൽ, ചിലർ വിശ്വസിക്കാതെ കഠിനഹൃദയരായി ഈ മാർഗത്തെ സമൂഹമധ്യേ നിന്ദിച്ചു. അതുകൊണ്ട് പൗലോസ് അവരെ വിട്ടിട്ട് ശിഷ്യന്മാരെ കൂട്ടിക്കൊണ്ടു തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി ചർച്ചകൾ നടത്തി. ഇത് രണ്ടുവർഷംവരെ തുടർന്നു. അതിന്റെ ഫലമായി ഏഷ്യാപ്രവിശ്യയിൽ താമസിച്ചിരുന്ന എല്ലാ യെഹൂദരും ഗ്രീക്കുകാരും കർത്താവിന്റെ വചനം കേൾക്കാനിടയായി. ദൈവം പൗലോസിലൂടെ അസാധാരണങ്ങളായ അത്ഭുതപ്രവൃത്തികൾ ചെയ്തു. അദ്ദേഹത്തിന്റെ സ്പർശനമേറ്റ തൂവാലയും മേൽവസ്ത്രവും കൊണ്ടുവന്നു രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗങ്ങൾ സൗഖ്യമാകുകയും ദുരാത്മാക്കൾ വിട്ടുപോകുകയും ചെയ്തു. ഭൂതോച്ചാടനം നടത്തിക്കൊണ്ട് ചുറ്റിസഞ്ചരിച്ചിരുന്ന ചില യെഹൂദർ, ദുരാത്മാവു ബാധിച്ച ചിലരെ യേശുവിന്റെ നാമം ഉപയോഗിച്ചു സൗഖ്യമാക്കാൻ ശ്രമിച്ചു. “പൗലോസ് പ്രസംഗിക്കുന്ന കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ നിന്നോടു പുറത്തുപോകാൻ കൽപ്പിക്കുന്നു,” എന്നാണവർ പറഞ്ഞുവന്നത്. ഒരു പുരോഹിതമുഖ്യനായ സ്കേവാ എന്ന യെഹൂദന്റെ ഏഴു പുത്രന്മാരായിരുന്നു ഇങ്ങനെ ചെയ്തത്. ദുരാത്മാവ് അവരോട്, “യേശുവിനെ എനിക്കറിയാം, പൗലോസിനെയും എനിക്കറിയാം, എന്നാൽ നിങ്ങളാര്?” എന്നു ചോദിച്ചിട്ട്, ദുരാത്മാവുണ്ടായിരുന്ന മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ കീഴടക്കി. അവർ നഗ്നരും മുറിവേറ്റവരുമായി വീട്ടിൽനിന്ന് പുറത്തേക്ക് ഓടിപ്പോകേണ്ടിവന്നു. എഫേസോസിൽ വസിച്ചിരുന്ന യെഹൂദരും ഗ്രീക്കുകാരും ഇത് അറിഞ്ഞു. അവരെല്ലാവരും ഭയപ്പെട്ടു. കർത്താവായ യേശുവിന്റെ നാമം അത്യന്തം മഹത്ത്വപ്പെട്ടു. വിശ്വസിച്ചവരിൽ പലരും വന്ന് തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു. ക്ഷുദ്രപ്രയോഗം നടത്തിവന്നവർ തങ്ങളുടെ പുസ്തകച്ചുരുളുകൾ കൊണ്ടുവന്ന് എല്ലാവരും കാൺകെ അഗ്നിക്കിരയാക്കി. ആ ചുരുളുകളുടെ വില കണക്കാക്കിയപ്പോൾ അതിന്റെ ആകെ തുക അൻപതിനായിരം ദ്രഹ്മയായിരുന്നു. ഇങ്ങനെ കർത്താവിന്റെ വചനം എല്ലായിടത്തും പ്രചരിക്കുകയും ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ഇവയെല്ലാം സംഭവിച്ചതിനുശേഷം പൗലോസ് മക്കദോന്യയിലും അഖായയിലുംകൂടി യാത്രചെയ്ത് ജെറുശലേമിലേക്ക് പോകാൻ മനസ്സിൽ തീരുമാനിച്ചു. “അവിടെച്ചെന്നതിനുശേഷം എനിക്കു റോമിലും പോകണം,” എന്ന് അദ്ദേഹം പറഞ്ഞു.