അപ്പൊ.പ്രവൃത്തികൾ 17:1-9

അപ്പൊ.പ്രവൃത്തികൾ 17:1-9 MCV

പൗലോസും ശീലാസും അംഫിപ്പൊലിസ് അപ്പൊലോന്യ എന്നീ പട്ടണങ്ങളിൽക്കൂടി യാത്രചെയ്ത് തെസ്സലോനിക്യയിലെത്തി; അവിടെ യെഹൂദരുടെ ഒരു പള്ളി ഉണ്ടായിരുന്നു. പൗലോസ് തന്റെ പതിവനുസരിച്ച് അവിടെപ്പോയി. മൂന്നു ശബ്ബത്തുകളിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവിടെയുള്ളവരുമായി സംവാദത്തിലേർപ്പെട്ടു; ക്രിസ്തു കഷ്ടമനുഭവിച്ചശേഷം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടത് ആവശ്യമായിരുന്നുവെന്നും “ഞാൻ നിങ്ങളോടു പ്രസംഗിക്കുന്ന ഈ യേശുതന്നെയാണ് ക്രിസ്തു,” എന്നും അദ്ദേഹം അവർക്കു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു. അവരിൽ ചിലർക്കും ദൈവഭക്തിയുള്ള അനേകം ഗ്രീക്കുകാർക്കും മാന്യസ്ത്രീകളിൽ പലർക്കും ഇതു ബോധ്യമായി. അവർ പൗലോസിനോടും ശീലാസിനോടും ചേർന്നു. എന്നാൽ, ചില യെഹൂദർ അസൂയാലുക്കളായിത്തീർന്നു; അവർ ചന്തസ്ഥലങ്ങളിൽനിന്ന് കുറെ ഗുണ്ടകളെ ഒരുമിച്ചുകൂട്ടി പട്ടണത്തിൽ ഒരു ലഹള ഉണ്ടാക്കിച്ചു. പൗലോസിനെയും ശീലാസിനെയും കണ്ടുപിടിച്ചു ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനായി അവർ യാസോന്റെ വീട് വളഞ്ഞു. എന്നാൽ, അവരെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ അവർ യാസോനെയും മറ്റുചില സഹോദരന്മാരെയും നഗരാധികാരികളുടെ മുന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. “ഭൂലോകത്തെ കീഴ്‌മേൽ മറിച്ചവർ ഇതാ ഇവിടെയും എത്തിയിരിക്കുന്നു; യാസോൻ അവരെ സ്വീകരിക്കുകയും ചെയ്തു. യേശു എന്നു പേരുള്ള മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരെല്ലാവരും കൈസറുടെ ഉത്തരവുകളെ ധിക്കരിക്കുന്നു,” അവർ വിളിച്ചുപറഞ്ഞു. ഇതു കേട്ട് ജനക്കൂട്ടവും നഗരാധികാരികളും അസ്വസ്ഥരായി. എങ്കിലും ജാമ്യത്തുക കെട്ടിവെപ്പിച്ചിട്ട് യാസോനെയും മറ്റുള്ളവരെയും മോചിപ്പിച്ചു.