അന്ത്യോക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നിഗർ എന്നു വിളിക്കപ്പെട്ട ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഭരണാധികാരിയായ ഹെരോദാവിനോടൊപ്പം വളർത്തപ്പെട്ട മനായേൻ, ശൗൽ എന്നിവർ ഉണ്ടായിരുന്നു. അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുമിരിക്കുമ്പോൾ, പരിശുദ്ധാത്മാവ് അവരോട്, “ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്ക്കായി ബർന്നബാസിനെയും ശൗലിനെയും വേർതിരിക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ തുടർന്നും ഉപവസിച്ചു പ്രാർഥിച്ചശേഷം ബർന്നബാസിന്റെയും ശൗലിന്റെയുംമേൽ കൈകൾവെച്ച് അവരെ യാത്രയയച്ചു. പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ അയയ്ക്കപ്പെട്ട ബർന്നബാസും ശൗലും സെലൂക്യയിലെത്തി സൈപ്രസിലേക്കു കപ്പൽകയറി, അവിടെ സലമീസ് എന്ന പട്ടണത്തിൽ എത്തി. അവർ യെഹൂദപ്പള്ളികളിൽ ദൈവവചനം പ്രസംഗിച്ചു. യോഹന്നാൻ അവർക്കു സഹായിയായി ഉണ്ടായിരുന്നു. അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി. അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി. എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു, “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ? ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.” ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു. ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു.
അപ്പോ.പ്രവൃത്തികൾ 13 വായിക്കുക
കേൾക്കുക അപ്പോ.പ്രവൃത്തികൾ 13
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: അപ്പോ.പ്രവൃത്തികൾ 13:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ