അപ്പോ.പ്രവൃത്തികൾ 12:5-10

അപ്പോ.പ്രവൃത്തികൾ 12:5-10 MCV

പത്രോസ് കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ സഭ അദ്ദേഹത്തിനുവേണ്ടി ജാഗ്രതയോടെ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു. ഹെരോദാരാജാവ് പത്രോസിനെ വിസ്താരത്തിനായി കൊണ്ടുവരാനിരുന്നതിന്റെ തലേരാത്രിയിൽ രണ്ട് പടയാളികളുടെ നടുവിൽ, രണ്ട് ചങ്ങലകളാൽ ബന്ധിതനായി പത്രോസ് കിടന്നുറങ്ങുകയും പടയാളികൾ കാരാഗൃഹത്തിന്റെ വാതിൽക്കൽ കാവൽനിൽക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, പെട്ടെന്ന്, കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി, കാരാഗൃഹത്തിൽ ഒരു ഉജ്ജ്വലപ്രകാശം തിളങ്ങി. ദൂതൻ പത്രോസിനെ ഒരുവശത്ത് തട്ടി അദ്ദേഹത്തെ ഉണർത്തി. “വേഗം എഴുന്നേൽക്കൂ!” ദൂതൻ പറഞ്ഞു. പത്രോസിന്റെ കൈകളിൽനിന്ന് ചങ്ങലകൾ അഴിഞ്ഞുവീണു. ദൂതൻ പത്രോസിനോട്, “നിന്റെ വസ്ത്രവും ചെരിപ്പും ധരിക്കുക” എന്നു പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. “മേൽവസ്ത്രം പുതച്ചുകൊണ്ട് എന്റെ പിന്നാലെ വരിക,” ദൂതൻ പറഞ്ഞു. പത്രോസ് ദൂതന്റെ പിറകേ നടന്ന് കാരാഗൃഹത്തിനു പുറത്തുവന്നു. എന്നാൽ, ദൂതൻമുഖേന സംഭവിച്ചത് യഥാർഥമാണെന്ന് അദ്ദേഹം അറിഞ്ഞില്ല. താൻ ഒരു ദർശനം കാണുകയാണെന്ന് അദ്ദേഹം ചിന്തിച്ചു. അവർ ഒന്നാംകാവൽക്കാരെയും രണ്ടാംകാവൽക്കാരെയും കടന്ന് നഗരത്തിലേക്കു നയിക്കുന്ന ഇരുമ്പുവാതിൽക്കലെത്തി. അത് അവർക്കായി തനിയേ തുറന്നു. അവർ അതിലൂടെ പുറത്തുവന്ന് ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അദ്ദേഹത്തെ വിട്ടുപോയി.