2 തെസ്സലോനിക്യർ 3:1-9

2 തെസ്സലോനിക്യർ 3:1-9 MCV

ശേഷം കാര്യങ്ങൾ: സഹോദരങ്ങളേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ എല്ലായിടത്തും അതിവേഗത്തിൽ പ്രചരിച്ച് മഹത്ത്വപ്പെടാനും അധർമികളും ദുഷ്ടരുമായ മനുഷ്യരിൽനിന്ന് ഞങ്ങൾ രക്ഷപ്പെടാനുമായി പ്രാർഥിക്കുക. എല്ലാവരും വിശ്വാസം ഉള്ളവരല്ലല്ലോ. എന്നാൽ കർത്താവ് വിശ്വസ്തനാണ്; അവിടന്ന് നിങ്ങളെ ശാക്തീകരിക്കുകയും പിശാചിൽനിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും അങ്ങനെതന്നെ തുടർന്നും ആചരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്. കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും നയിക്കട്ടെ. സഹോദരങ്ങളേ, കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു കൽപ്പിക്കുന്നത്: ഞങ്ങളിൽനിന്ന് നിങ്ങൾക്കു ലഭിച്ചിട്ടുള്ള പ്രമാണങ്ങൾ പാലിക്കാതെ അലസമായി ജീവിതം നയിക്കുന്ന എല്ലാ സഹോദരങ്ങളിൽനിന്നും അകന്നുകൊള്ളണം എന്നാണ്. ഞങ്ങളുടെ മാതൃക എപ്രകാരമാണ് പിൻതുടരേണ്ടതെന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ അലസരായിരുന്നിട്ടില്ല. ആരുടെയും ഭക്ഷണം ഞങ്ങൾ സൗജന്യമായി ഭക്ഷിച്ചിട്ടില്ല. മറിച്ച് നിങ്ങളിൽ ആർക്കും ഭാരമാകാതിരിക്കേണ്ടതിനു ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തു. സഹായം സ്വീകരിക്കാനുള്ള അവകാശം ഞങ്ങൾക്ക് ഇല്ലാതിരുന്നതുകൊണ്ടല്ല, പിന്നെയോ നിങ്ങൾക്കു പിൻതുടരാനായി ഒരു മാതൃക നൽകാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്.