2 പത്രോസ് 3:11-18

2 പത്രോസ് 3:11-18 MCV

സർവതും ഇങ്ങനെ നശിച്ചുപോകാൻ ഉള്ളതായതിനാൽ ആസന്നമായ ദൈവദിവസത്തിനായി കാത്തിരുന്നും അതിനെ ത്വരിതപ്പെടുത്തിയും വിശുദ്ധിയും ദൈവഭയവുമുള്ള ജീവിതം നിങ്ങൾ നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്! ആകാശം അഗ്നിക്കിരയായി നശിക്കും. മൂലകങ്ങൾ ഉഗ്രതാപത്തിൽ ഉരുകിപ്പോകും. നാമോ, അവിടത്തെ വാഗ്ദാനം അനുസരിച്ച്, നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു. അതുകൊണ്ടു പ്രിയരേ, ഇവയ്ക്കായി കാത്തിരിക്കുന്ന നിങ്ങൾ കറയും കളങ്കവും ഇല്ലാത്തവരായി ദൈവത്തോട് സമാധാനമുള്ളവരായി ജീവിക്കാൻ ഉത്സുകരായിരിക്കുക. നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷയ്ക്കുള്ള അവസരം എന്നു കരുതുക. നമ്മുടെ പ്രിയസഹോദരൻ പൗലോസും തനിക്കു ദൈവം നൽകിയ ജ്ഞാനം അനുസരിച്ച് നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വസ്തുതകളെക്കുറിച്ചുതന്നെ ആണല്ലോ അദ്ദേഹം തന്റെ എല്ലാ ലേഖനങ്ങളിലും പ്രതിപാദിച്ചിട്ടുള്ളത്. മനസ്സിലാക്കാൻ പ്രയാസമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. മറ്റു തിരുവെഴുത്തുകൾ എന്നപോലെ ഇവയും, അജ്ഞരും അസ്ഥിരചിത്തരുമായ ചിലർ തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു. അതുകൊണ്ടു പ്രിയരേ, ഈ കാര്യങ്ങൾ നിങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കുകയാൽ നിയമനിഷേധികളുടെ സ്വാധീനവലയത്തിൽപ്പെട്ട്, നിങ്ങളുടെ സുസ്ഥിരസ്ഥാനത്തുനിന്ന് വീഴാതിരിക്കാൻ ജാഗ്രതപുലർത്തുക. നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വർധിച്ചുവരിക.