2 രാജാക്കന്മാർ 2:7-15

2 രാജാക്കന്മാർ 2:7-15 MCV

ഏലിയാവും എലീശയും യോർദാന്നരികെ ചെന്നുനിന്ന സ്ഥലത്തിനഭിമുഖമായി അൽപ്പം ദൂരത്തിൽ പ്രവാചകഗണത്തിൽപ്പെട്ട അൻപതുപേർ നിന്നിരുന്നു. ഏലിയാവ് തന്റെ മേലങ്കിയെടുത്തു നദിയിലെ വെള്ളത്തിന്മേൽ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി; അവരിരുവരും ഉണങ്ങിയ നിലത്തുകൂടി മറുകര കടന്നു. അവർ മറുകരയിലെത്തിയശേഷം ഏലിയാവ് എലീശയോട്: “നിന്റെ അടുക്കൽനിന്ന് എടുത്തുകൊള്ളപ്പെടുന്നതിനുമുമ്പ് നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? ചോദിച്ചുകൊൾക” എന്നു പറഞ്ഞു. “അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്ക് അവകാശമായി നൽകിയാലും” എന്ന് എലീശ മറുപടി നൽകി. “വളരെ ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുമെങ്കിൽ നിനക്കതു ലഭിക്കും; അല്ലാത്തപക്ഷം ലഭിക്കുകയില്ല,” ഏലിയാവ് പറഞ്ഞു. അവർ സംസാരിച്ചുകൊണ്ടു നടന്നുപോകുമ്പോൾ, പെട്ടെന്ന്, ഒരു അഗ്നിരഥവും അവയെ തെളിക്കുന്ന അഗ്നിയശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെത്തമ്മിൽ വേർപെടുത്തി; ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. എലീശ അതുകണ്ട്: “എന്റെ പിതാവേ! എന്റെ പിതാവേ; ഇസ്രായേലിന്റെ തേരും തേരാളികളുമേ” എന്നു നിലവിളിച്ചു. എലീശാ പിന്നെ ഏലിയാവിനെ കണ്ടില്ല. എലീശാ തന്റെ വസ്ത്രം ദുഃഖസൂചകമായി രണ്ടു കഷണമായി കീറിക്കളഞ്ഞു. പിന്നെ, ഏലിയാവിൽനിന്നു വീണ മേലങ്കിയുമായി എലീശാ മടങ്ങിവന്ന് യോർദാൻനദിയുടെ കരയിൽ നിന്നു. അദ്ദേഹം ഏലിയാവിൽനിന്നു വീണ ആ മേലങ്കിയെടുത്തു വെള്ളത്തിന്മേൽ അടിച്ചു. “ഏലിയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അപ്പോൾ, വെള്ളം രണ്ടുവശത്തേക്കും വേർപിരിഞ്ഞു; അദ്ദേഹം മറുകര കടക്കുകയും ചെയ്തു. യെരീഹോവിൽ അദ്ദേഹത്തിനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അദ്ദേഹത്തെ കണ്ട് ആശ്ചര്യഭരിതരായി: “ഏലിയാവിന്റെ ആത്മാവ് എലീശയിൽ ആവസിക്കുന്നു” എന്നു പറഞ്ഞ് എതിരേറ്റുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു.