2 ദിനവൃത്താന്തം 9:1-7
2 ദിനവൃത്താന്തം 9:1-7 MCV
ശേബാരാജ്ഞി ശലോമോന്റെ പ്രശസ്തി കേട്ടിട്ട് കഠിനമായ ചോദ്യങ്ങളുമായി അദ്ദേഹത്തെ പരീക്ഷിക്കാൻ ജെറുശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലപിടിപ്പുള്ള രത്നക്കല്ലുകളും വഹിക്കുന്ന ഒട്ടകങ്ങളുമായി വമ്പിച്ച പരിവാരങ്ങളോടെയാണ് രാജ്ഞി എത്തിയത്. അവൾ ശലോമോന്റെ അടുക്കലെത്തി തന്റെ മനസ്സിൽ നിരൂപിച്ചിരുന്ന സകലകാര്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു. അവളുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ മറുപടി നൽകി; വിശദീകരണം കൊടുക്കാൻ കഴിയാത്തവിധം യാതൊന്നും അദ്ദേഹത്തിന് അജ്ഞാതമായിരുന്നില്ല. ശലോമോന്റെ ജ്ഞാനം, അദ്ദേഹം പണിയിച്ച അരമന, അദ്ദേഹത്തിന്റെ മേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥരുടെ ഇരിപ്പ്, പ്രത്യേക വേഷവിധാനമണിഞ്ഞ പരിചാരകവൃന്ദങ്ങളുടെ നിൽപ്പ്, വേഷവിധാനങ്ങളോടുകൂടിയ പാനപാത്രവാഹകർ, യഹോവയുടെ ആലയത്തിൽ അർപ്പിച്ച ഹോമയാഗങ്ങൾ എന്നിവയെല്ലാം കണ്ടപ്പോൾ ശേബാരാജ്ഞി വിസ്മയസ്തബ്ധയായി. അവൾ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും എന്റെ നാട്ടിൽവെച്ചു ഞാൻ കേട്ട വാർത്ത സത്യംതന്നെ. പക്ഷേ, ഇവിടെയെത്തി സ്വന്തം കണ്ണുകൾകൊണ്ടു നേരിൽ കാണുന്നതുവരെ ആളുകൾ പറഞ്ഞുകേട്ടതു ഞാൻ വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ അങ്ങയുടെ ജ്ഞാനമാഹാത്മ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. അങ്ങ് ഞാൻ കേട്ടതിനെക്കാൾ എത്രയോ ശ്രേഷ്ഠനാണ്. അങ്ങയുടെ ജനം എത്ര ഭാഗ്യംചെന്നവർ! അങ്ങയുടെ ജ്ഞാനവചനങ്ങൾ എപ്പോഴും കേൾക്കുന്ന അങ്ങയുടെ സേവകരും എത്ര ഭാഗ്യശാലികൾ!

