2 ദിനവൃത്താന്തം 7:11-22

2 ദിനവൃത്താന്തം 7:11-22 MCV

ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും പണിതീർത്തു. യഹോവയുടെ ആലയത്തിനും തന്റെ കൊട്ടാരത്തിനുംവേണ്ടി ചെയ്യണമെന്നു താൻ മനസ്സിൽ ആഗ്രഹിച്ചിരുന്നതെല്ലാം നിറവേറ്റുന്നതിൽ അദ്ദേഹം വിജയിച്ചു. അപ്പോൾ യഹോവ രാത്രിയിൽ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. ഈ സ്ഥലം എനിക്കായിട്ടും, എനിക്കു യാഗത്തിനുള്ള ഒരാലയമായിട്ടും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു. “മഴ ലഭിക്കാതവണ്ണം ഞാൻ ആകാശത്തെ അടച്ചുകളയുകയോ ദേശത്തെ തിന്നുമുടിക്കാൻ വെട്ടുക്കിളിയോടു കൽപ്പിക്കുകയോ എന്റെ ജനതയുടെ മധ്യേ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ, ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും. ഈ സ്ഥലത്ത് അർപ്പിക്കുന്ന പ്രാർഥനകൾക്ക് എന്റെ കണ്ണ് തുറന്നിരിക്കുകയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കുകയും ചെയ്യും. എന്റെ നാമം എന്നേക്കും ഇവിടെ നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയത്തെ തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും. “എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ, ‘ഇസ്രായേലിനെ ഭരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടിക്ക് അനുസൃതമായി ഞാൻ നിന്റെ രാജകീയ സിംഹാസനം സ്ഥിരപ്പെടുത്തും. “എന്നാൽ ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്ന ഉത്തരവുകളും കൽപ്പനകളും ഉപേക്ഷിച്ചു പിന്മാറി അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത എന്റെ രാജ്യത്തുനിന്ന് ഉന്മൂലനംചെയ്യുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. ഞാൻ ഇതു സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീർക്കും. ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട്, ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കും. ‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”