2 ദിനവൃത്താന്തം 1:1-6
2 ദിനവൃത്താന്തം 1:1-6 MCV
ശലോമോന്റെ ദൈവമായ യഹോവ അദ്ദേഹത്തോടുകൂടെയിരുന്ന് അത്ഭുതകരമായവിധം അദ്ദേഹത്തെ മഹാനാക്കിത്തീർത്തു. അതിനാൽ ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സുസ്ഥിരനായിത്തീർന്നു. സഹസ്രാധിപന്മാർ, ശതാധിപന്മാർ, ന്യായാധിപന്മാർ, ഇസ്രായേലിലെ കുടുംബങ്ങൾക്കു തലവന്മാരായ നായകന്മാർ എന്നിവർ ഉൾപ്പെടെ സകല ഇസ്രായേലിനോടും ശലോമോൻ സംസാരിച്ചു. അതിനുശേഷം ശലോമോനും സർവസഭയും ഗിബെയോനിലെ മലയിലേക്കുപോയി; യഹോവയുടെ ദാസനായ മോശ മരുഭൂമിയിൽവെച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമകൂടാരം അവിടെയായിരുന്നല്ലോ! ദാവീദ് ദൈവത്തിന്റെ പേടകം, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനുവേണ്ടി തയ്യാറാക്കിയ സ്ഥാനത്തേക്കു കൊണ്ടുവന്നിരുന്നു. അദ്ദേഹം ജെറുശലേമിൽ അതിനുവേണ്ടി ഒരു കൂടാരം സ്ഥാപിച്ചിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. എന്നാൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ വെങ്കലംകൊണ്ടു നിർമിച്ച യാഗപീഠം ഗിബെയോനിൽ യഹോവയുടെ സമാഗമകൂടാരത്തിനുമുമ്പിൽ ആയിരുന്നു. അതിനാൽ ശലോമോനും ആ സമൂഹവും അവിടെ യഹോവയുടെഹിതം ആരാഞ്ഞു. ശലോമോൻ സമാഗമകൂടാരത്തിൽ യഹോവയുടെമുമ്പാകെ വെങ്കലയാഗപീഠത്തിൽച്ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചു.

