ദാവീദ് തന്റെ വടി കൈയിലെടുത്തു; അരുവിയിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തെരഞ്ഞെടുത്ത് തന്റെ ഇടയസഞ്ചിയുടെ ഉറയിലിട്ടു. കൈയിൽ കവിണയുമായി അദ്ദേഹം ഫെലിസ്ത്യനെ നേരിടാൻ സമീപിച്ചു. ആ ഫെലിസ്ത്യനും തന്റെ പരിചക്കാരനെ മുൻനിർത്തി ദാവീദിനോട് അടുത്തു. അയാൾ ദാവീദിനെ ആകമാനം ഒന്നുനോക്കി; അവൻ ബാലനെന്നും ചെമപ്പുനിറമുള്ളവനും അതിസുന്ദരനും എന്നു കണ്ടിട്ട് അവനെ നിന്ദിച്ചു. അയാൾ ദാവീദിനോടു ചോദിച്ചു: “നീ എന്റെനേരേ വടിയുമായി വരാൻ ഞാൻ ഒരു നായാണോ?” ആ ഫെലിസ്ത്യൻ തന്റെ ദേവന്മാരുടെ നാമത്തിൽ ദാവീദിനെ ശപിച്ചു. എന്നിട്ട് അയാൾ, “ഇങ്ങുവരൂ! ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും തീറ്റയാക്കും!” എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും വേലും കുന്തവുമായി എന്റെനേരേ വരുന്നു; എന്നാൽ ഞാൻ, നീ നിന്ദിച്ച ഇസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിനക്കെതിരേ വരുന്നു. ഇന്ന് യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ നിന്നെ വീഴ്ത്തി നിന്റെ തല ഛേദിച്ചുകളയും. ഇന്നു ഞാൻ ഫെലിസ്ത്യസൈന്യത്തിന്റെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂതലത്തിലെ മൃഗങ്ങൾക്കും ഇരയാക്കും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു സകലലോകവും ഇന്നറിയും. വാൾകൊണ്ടും കുന്തംകൊണ്ടുമല്ല യഹോവ രക്ഷിക്കുന്നത് എന്ന് ഇവിടെ വന്നുകൂടിയിരിക്കുന്നവരെല്ലാം അറിയും. യുദ്ധം യഹോവയ്ക്കുള്ളത്; അവിടന്ന് നിങ്ങളെയെല്ലാം ഞങ്ങളുടെ കൈകളിൽ ഏൽപ്പിക്കും.” ആ ഫെലിസ്ത്യൻ ദാവീദിനെ ആക്രമിക്കുന്നതിനായി കുറെക്കൂടി അടുത്തു; ദാവീദും അവനെ എതിരിടാൻ തിടുക്കത്തിൽ പോർമുഖത്തേക്ക് ഓടിയടുത്തു. തന്റെ സഞ്ചിയിൽ കൈയിട്ട് ഒരു കല്ലെടുത്ത് കവിണയിൽവെച്ച് ചുഴറ്റിയെറിഞ്ഞു. കല്ല് ഫെലിസ്ത്യന്റെ തിരുനെറ്റിയിൽ തറച്ചുകയറി. അയാൾ നിലത്ത് കമിഴ്ന്നുവീണു. അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു. കൈവശം ഒരു വാളില്ലാതെതന്നെ ദാവീദ് ഫെലിസ്ത്യനെ വീഴ്ത്തി; അയാളെ വധിച്ചു.
1 ശമുവേൽ 17 വായിക്കുക
കേൾക്കുക 1 ശമുവേൽ 17
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 17:40-50
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ