1 ശമുവേൽ 17:24-32

1 ശമുവേൽ 17:24-32 MCV

ഇസ്രായേല്യർ അവനെ കണ്ടപ്പോൾ അതിഭീതിയോടെ അവന്റെ മുമ്പിൽനിന്ന് ഓടിയകന്നു. അപ്പോൾ ഇസ്രായേല്യർ: “ഈ വന്നുനിൽക്കുന്ന മനുഷ്യനെക്കണ്ടോ? അവൻ ഇസ്രായേലിനെ വെല്ലുവിളിച്ച് നിന്ദിക്കാൻ വന്നിരിക്കുന്നു. ഇവനെ കൊല്ലുന്നവനു രാജാവ് മഹാസമ്പത്തു നൽകും. തന്റെ പുത്രിയെ ഭാര്യയായി നൽകും. അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവും അനുവദിക്കും” എന്നു പറഞ്ഞു. തന്റെ അടുത്തുനിന്നവരോടു ദാവീദ് ചോദിച്ചു: “ഈ ഫെലിസ്ത്യനെ കൊന്ന് ഇസ്രായേലിന്റെ അപമാനം ദൂരീകരിക്കുന്ന മനുഷ്യന് എന്തു കിട്ടും? ജീവനുള്ള ദൈവത്തിന്റെ സേനയെ വെല്ലുവിളിക്കാൻ പരിച്ഛേദനമില്ലാത്ത ഈ ഫെലിസ്ത്യൻ ആരാണ്?” അവർ സംസാരിച്ചുകൊണ്ടിരുന്നത് ഒന്നുകൂടി ആവർത്തിച്ചു. ആ മനുഷ്യനെ കൊല്ലുന്നവന് ഇന്നതൊക്കെയാണു കിട്ടുന്നത് എന്ന് ജനം പറഞ്ഞു. ദാവീദ് ആളുകളോടു സംസാരിക്കുന്നതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ മൂത്തസഹോദരനായ എലീയാബ് കോപംകൊണ്ട് ജ്വലിച്ചു: “നീ എന്തിന് ഇവിടെവന്നു? കുറെ ആടുകളുള്ളതിനെ നീ മരുഭൂമിയിൽ ആരെ ഏൽപ്പിച്ചിട്ടു വന്നു? നിന്റെ അഹങ്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. യുദ്ധം കാണുന്നതിനല്ലേ നീ വന്നത്?” എന്നു ചോദിച്ചു. ദാവീദ് പറഞ്ഞു: “ഞാനിപ്പോൾ എന്തു ചെയ്തു? എനിക്കു സംസാരിക്കുന്നതിനും അനുവാദമില്ലേ?” അദ്ദേഹം മറ്റൊരാളിന്റെ അടുത്തേക്കു തിരിഞ്ഞ് ഇതേകാര്യം വീണ്ടും ചോദിച്ചു. ദാവീദ് പറഞ്ഞകാര്യം പരസ്യമായി. അതു ശൗലിന്റെ ചെവിയിലുമെത്തി. അദ്ദേഹം ദാവീദിനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. ദാവീദ് ശൗലിനോട്, “ഈ ഫെലിസ്ത്യനെപ്രതി ആരും പേടിക്കേണ്ടാ. അടിയൻ പോയി ഇവനോടു പൊരുതാം” എന്നു പറഞ്ഞു.