എഫ്രയീംമലനാട്ടിലെ രാമാഥയീം സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം യെരോഹാമിന്റെ മകനായിരുന്നു. യെരോഹാം എലീഹൂവിന്റെ മകൻ, എലീഹൂ തോഹൂവിന്റെ മകൻ, തോഹൂ എഫ്രയീമ്യനായ സൂഫിന്റെ മകൻ. എൽക്കാനായ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു; ഹന്നായും പെനിന്നായും. പെനിന്നായ്ക്കു മക്കൾ ഉണ്ടായിരുന്നു, എന്നാൽ ഹന്നായ്ക്കു മക്കൾ ഉണ്ടായിരുന്നില്ല. എൽക്കാനാ വർഷംതോറും സൈന്യങ്ങളുടെ യഹോവയെ ആരാധിക്കുന്നതിനും അവിടത്തേക്ക് യാഗം അർപ്പിക്കുന്നതിനുമായി തന്റെ നഗരത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. അവിടെ ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ പുരോഹിതന്മാരായി ഉണ്ടായിരുന്നു. എൽക്കാനായ്ക്കു യാഗം കഴിക്കാനുള്ള ദിവസം വരുമ്പോഴൊക്കെ അദ്ദേഹം, പെനിന്നായ്ക്കും അവളുടെ പുത്രന്മാർക്കും പുത്രിമാർക്കും യാഗം അർപ്പിച്ചതിനുശേഷമുള്ള മാംസത്തിന്റെ ഓഹരി കൊടുത്തിരുന്നു. എന്നാൽ ഹന്നായ്ക്ക്—അദ്ദേഹം അവളെ സ്നേഹിച്ചിരുന്നതുകൊണ്ട്—ഇരട്ടി ഓഹരി നൽകിയിരുന്നു. യഹോവ അവളുടെ ഗർഭം അടച്ചിരുന്നു. യഹോവ ഹന്നായുടെ ഗർഭം അടച്ചുകളഞ്ഞതിനാൽ അവളോട് പോരെടുത്തിരുന്ന പെനിന്ന, അവളെ പ്രകോപിപ്പിക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ചെയ്തുവന്നു. ഇങ്ങനെ എല്ലാവർഷവും സംഭവിച്ചിരുന്നു. ഹന്നാ യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോഴെല്ലാം പെനിന്നാ അവളെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ അവൾ കരയുകയും പട്ടിണികിടക്കുകയും ചെയ്തിരുന്നു. എൽക്കാനാ അവളോട്: “ഹന്നേ, നീയെന്തിനു കരയുന്നു? എന്തിനു പട്ടിണികിടക്കുന്നു? നീ ദുഃഖിക്കുന്നതെന്തിന്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നല്ലവനല്ലയോ?” എന്നു പറയുമായിരുന്നു. ഒരിക്കൽ അവർ ശീലോവിൽവെച്ചു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകഴിഞ്ഞപ്പോൾ ഹന്നാ എഴുന്നേറ്റുപോയി. അപ്പോൾ പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽപ്പടിയുടെ സമീപത്ത് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു. ഹന്നാ വളരെ ഹൃദയഭാരത്തോടെ യഹോവയോടു കരഞ്ഞു പ്രാർഥിച്ചു. അവൾ ഒരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഈ ദാസിയുടെ മനോവ്യഥ കണ്ടറിയണമേ! എന്നെ ഓർക്കണമേ! അവിടത്തെ ദാസിയായ അടിയനെ മറക്കാതെ അങ്ങ് എനിക്കൊരു മകനെ നൽകുമെങ്കിൽ ഞാൻ അവനെ അവന്റെ ജീവിതകാലംമുഴുവൻ യഹോവയ്ക്കായി സമർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ഒരുനാളും ക്ഷൗരക്കത്തി തൊടുവിക്കുകയുമില്ല.”
1 ശമുവേൽ 1 വായിക്കുക
കേൾക്കുക 1 ശമുവേൽ 1
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമുവേൽ 1:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ