മനുഷ്യർ ഉപേക്ഷിച്ചതും എന്നാൽ ദൈവം തെരഞ്ഞെടുത്തതും അമൂല്യവും ജീവനുള്ള പാറയുമായ ക്രിസ്തുവിന്റെ അടുത്തേക്കാണ് നിങ്ങൾ വന്നുചേർന്നിരിക്കുന്നത്. യേശുക്രിസ്തുമുഖേന ദൈവത്തിന് സ്വീകാര്യമായ ആത്മികയാഗങ്ങൾ അർപ്പിക്കുന്നതിനുള്ള വിശുദ്ധപുരോഹിതഗണമായിത്തീരണം നിങ്ങൾ. അതിനായി ജീവനുള്ള കല്ലുകളെപ്പൊലെ ഒരു ആത്മികഗൃഹമായി പണിയപ്പെടുകയാണ്. തിരുവെഴുത്തിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ ഒരു മൂലക്കല്ലുതന്നെ; കർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല.” വിശ്വസിക്കുന്ന നിങ്ങൾക്ക് ഈ ശില അമൂല്യമാണ്, എന്നാൽ വിശ്വസിക്കാത്തവർക്കോ, “ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.” മാത്രമല്ല, “ഇത് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്.” വചനം അനുസരിക്കാത്തവർക്ക് കാലിടറുന്നു. അതാണ് അവരുടെ നിയോഗം. എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്. ഒരുകാലത്ത് നിങ്ങൾ ദൈവജനം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ദൈവത്തിന്റെ ജനമാണ്. ഒരിക്കൽ നിങ്ങൾ കരുണ ലഭിക്കാത്തവർ ആയിരുന്നു, എന്നാൽ ഇപ്പോഴോ, നിങ്ങൾക്ക് കരുണ ലഭിച്ചിരിക്കുന്നു. പ്രിയരേ, വിദേശികളും അഭയാർഥികളുമായി ഈ ലോകത്ത് വസിക്കുന്ന നിങ്ങളുടെ പ്രാണനോടു പോരാടുന്ന എല്ലാ പാപകരമായ ആസക്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. യെഹൂദേതരരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണം, നിങ്ങൾ ദുർവൃത്തരെന്ന് അവർ വ്യാജപ്രചാരണം നടത്തിയാലും നിങ്ങളുടെ സൽപ്രവൃത്തികൾ വീക്ഷിച്ച് കർത്താവിന്റെ സന്ദർശനദിവസത്തിൽ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും. കർത്താവിനെ ഓർത്ത്, മാനുഷികമായ എല്ലാ വ്യവസ്ഥാപിത അധികാരികൾക്കും വിധേയരാകുക; പരമാധികാരി എന്നനിലയിൽ രാജാവിനും അദ്ദേഹം നിയമിച്ചിരിക്കുന്ന ഭരണാധികാരികൾക്കും വിധേയരാകുക. കുറ്റവാളികളെ ശിക്ഷിക്കാനും നന്മ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനുമാണ് ഇവർ നിയമിക്കപ്പെട്ടിരിക്കുന്നത്. വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം. നിങ്ങൾ സ്വതന്ത്രരാണ്, എന്നാൽ ദൈവത്തിന്റെ ദാസരുമാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യം തിന്മചെയ്യുന്നതിനു മറയാക്കരുത്. എല്ലാവരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ സ്നേഹിക്കുക, ദൈവത്തെ ഭയപ്പെടുക, ഭരണാധികാരിയെ ബഹുമാനിക്കുക.
1 പത്രോസ് 2 വായിക്കുക
കേൾക്കുക 1 പത്രോസ് 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 പത്രോസ് 2:4-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ