1 രാജാക്കന്മാർ 3:7-12

1 രാജാക്കന്മാർ 3:7-12 MCV

“എന്റെ ദൈവമായ യഹോവേ, അവിടന്ന് ഇപ്പോൾ ഈ ദാസനെ, അടിയന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. എന്നാൽ, ഞാനോ ഒരു ബാലനത്രേ. കർത്തവ്യങ്ങൾ എങ്ങനെ നിർവഹിക്കേണം എന്നെനിക്കറിവില്ല. അങ്ങു തെരഞ്ഞെടുത്തതും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അസംഖ്യവുമായ ഒരു മഹാജനതയുടെ മധ്യേ അവിടത്തെ ഈ ദാസൻ ആയിരിക്കുന്നു. അതുകൊണ്ട്, നന്മയും തിന്മയും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ വിവേകമുള്ള ഒരു ഹൃദയം അവിടത്തെ ഈ ദാസനു തരണമേ! അതില്ലാതെ അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും?” ശലോമോൻ ഈ കാര്യം ചോദിച്ചതിൽ കർത്താവ് സംപ്രീതനായി. ദൈവം അദ്ദേഹത്തോട് പ്രതിവചിച്ചത്: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ അപേക്ഷിക്കാതെ നീതിനിർവഹണത്തിനുള്ള വിവേകംമാത്രം അപേക്ഷിച്ചിരിക്കുകയാൽ, ഞാൻ നിന്റെ അപേക്ഷപോലെ പ്രവർത്തിക്കും. ജ്ഞാനവും വിവേകവുമുള്ള ഹൃദയം ഞാൻ നിനക്കു നൽകും. നിനക്കു സമനായവൻ മുമ്പ് ഉണ്ടായിട്ടില്ല; നിനക്കുശേഷം ഇനി ഉണ്ടാകുകയുമില്ല.