1 യോഹന്നാൻ 3:11-20

1 യോഹന്നാൻ 3:11-20 MCV

പരസ്പരം സ്നേഹിക്കണം എന്ന സന്ദേശം ആണല്ലോ ആരംഭംമുതലേ നാം കേട്ടുവന്നത്. സ്വസഹോദരനെ വധിച്ച പൈശാചികൻ കയീനെപ്പോലെ നിങ്ങൾ ആകരുത്; അയാൾ സഹോദരനെ വധിച്ചത് എന്തിന്? അവന്റെ പ്രവൃത്തി, ദോഷം നിറഞ്ഞതും സഹോദരന്റേത് നീതിയുക്തവും ആയിരുന്നതുകൊണ്ടാണ്. സഹോദരങ്ങളേ, ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ ആശ്ചര്യപ്പെടരുത്. സഹോദരങ്ങളെ സ്നേഹിക്കുന്നതിനാൽ നാം മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ, സ്നേഹിക്കാത്തവൻ മരണത്തിൽത്തന്നെ തുടരുന്നു. സഹോദരങ്ങളെ വെറുക്കുന്ന ഏതൊരു വ്യക്തിയും കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ കുടികൊള്ളുകയില്ലെന്നു നിങ്ങൾക്കറിയാമല്ലോ. ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്. ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും? കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്. ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും. നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുമ്പോഴൊക്കെയും നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണ് ദൈവം എന്നും അവിടന്നു സർവജ്ഞാനിയാണ് എന്നും ഓർക്കുക.