1 ദിനവൃത്താന്തം 17:3-8

1 ദിനവൃത്താന്തം 17:3-8 MCV

എന്നാൽ അന്നുരാത്രിതന്നെ നാഥാൻ പ്രവാചകന് ദൈവത്തിന്റെ അരുളപ്പാടുണ്ടായി: “നീ ചെന്ന്, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എനിക്ക് അധിവസിക്കേണ്ടതിന് ഒരു ആലയം പണിയേണ്ടതു നീയല്ല. ഞാൻ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ ഒരു ആലയത്തിലും വസിച്ചിട്ടില്ല. ഞാൻ ഒരു കൂടാരസ്ഥലത്തുനിന്നും മറ്റൊന്നിലേക്കും ഒരു വാസസ്ഥലത്തുനിന്നും മറ്റൊരിടത്തേക്കും മാറിക്കൊണ്ടിരുന്നു. എല്ലാ ഇസ്രായേലിനോടുംകൂടെ ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങളിൽ എവിടെയെങ്കിലുംവെച്ച്, എന്റെ ജനത്തെ മേയിക്കുന്നതിനു ഞാൻ കൽപ്പിച്ചാക്കിയ നായകന്മാരോട് ആരോടെങ്കിലും, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തത് എന്തുകൊണ്ട്’ എന്നു ഞാൻ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ? “അതുകൊണ്ട്, ‘സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ് എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായിരിക്കുന്നതിന് ഞാൻ നിന്നെ മേച്ചിൽപ്പുറത്തുനിന്ന്, ആട്ടിൻപറ്റത്തെ മേയിച്ചുനടക്കുന്ന സമയത്തു തെരഞ്ഞെടുത്തു. നീ പോയ ഇടങ്ങളിലെല്ലാം ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ ശത്രുക്കളെയെല്ലാം നിന്റെ കണ്മുമ്പിൽനിന്ന് ഞാൻ ഛേദിച്ചുകളഞ്ഞു. ഭൂമിയിലെ മഹാന്മാരുടെ പേരുകൾപോലെ നിന്റെ പേരും ഞാൻ ആക്കിത്തീർക്കും.