1 ദിനവൃത്താന്തം 14:8-17

1 ദിനവൃത്താന്തം 14:8-17 MCV

സമസ്തഇസ്രായേലിനും രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് അവരെ നേരിടാൻ പുറപ്പെട്ടു. ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ അണിനിരന്നു. അതിനാൽ ദാവീദ് ദൈവത്തോട് ചോദിച്ചു: “ഞാൻ ചെന്ന് ആ ഫെലിസ്ത്യരെ ആക്രമിക്കണമോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിന് ഉത്തരമരുളി: “പോകുക, ഞാൻ അവരെ നിന്റെ കൈകളിൽ ഏൽപ്പിച്ചുതരും.” അതിനാൽ ദാവീദും സൈന്യവും ബാൽ-പെരാസീമിലേക്കു മുന്നേറി. അവിടെവെച്ച് അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “ദൈവം, എന്റെ കൈകൾമൂലം, വെള്ളച്ചാട്ടംപോലെ എന്റെ ശത്രുക്കളുടെനേരേ ഇരച്ചുകയറി അവരെ തകർത്തുകളഞ്ഞല്ലോ!” അതിനാൽ ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേരായി. ഫെലിസ്ത്യർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. അതുകൊണ്ട് ആ വിഗ്രഹങ്ങൾ തീയിലിട്ടു ചുട്ടുകളയാൻ ദാവീദ് ഉത്തരവിട്ടു. ഒരു പ്രാവശ്യംകൂടി ഫെലിസ്ത്യർ താഴ്വരയിൽ അണിനിരന്നു. ദാവീദ് വീണ്ടും ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ ദൈവം ദാവീദിനോട്: “നിങ്ങൾ നേരേകയറി ചെല്ലരുത്; പിന്നെയോ, അവരെ ചുറ്റുംവളഞ്ഞ് ബാഖാവൃക്ഷങ്ങൾക്കുമുമ്പിൽവെച്ച് ആക്രമിക്കുക. ബാഖാവൃക്ഷങ്ങൾക്കുമുകളിൽ സൈനികനീക്കത്തിന്റെ ശബ്ദം കേട്ടാലുടൻ യുദ്ധത്തിനു പുറപ്പെടുക; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ ദൈവം നിങ്ങൾക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നാണ് ആ ശബ്ദത്തിന്റെ അർഥം” എന്ന് അരുളിച്ചെയ്തു. അങ്ങനെ ദൈവം കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ ഗേസെർവരെ, വഴിയിലുടനീളം അവർ ഫെലിസ്ത്യസൈന്യത്തെ സംഹരിച്ചു. അങ്ങനെ ദാവീദിന്റെ കീർത്തി എല്ലാ നാടുകളിലും പരന്നു. സകലരാഷ്ട്രങ്ങളും ദാവീദിനെ ഭയപ്പെടാൻ യഹോവ ഇടയാക്കി.