സങ്കീർത്തനങ്ങൾ 35:1-8

സങ്കീർത്തനങ്ങൾ 35:1-8 വേദപുസ്തകം

യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ. നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്ക്കേണമേ. നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാൻ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ. എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനർത്ഥം ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ. അവർ കാറ്റിന്നു മുമ്പിലെ പതിർപോലെ ആകട്ടെ; യഹോവയുടെ ദൂതൻ അവരെ ഓടിക്കട്ടെ. അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതൻ അവരെ പിന്തുടരട്ടെ. കാരണം കൂടാതെ അവർ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവർ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു. അവൻ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവൻ ഒളിച്ചുവെച്ച വലയിൽ അവൻ തന്നേ കുടുങ്ങട്ടെ; അവൻ അപായത്തിൽ അകപ്പെട്ടുപോകട്ടെ.