സങ്കീർത്തനങ്ങൾ 106:16-33

സങ്കീർത്തനങ്ങൾ 106:16-33 വേദപുസ്തകം

പാളയത്തിൽവെച്ചു അവർ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു. ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു. അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു. അവർ ഹോരേബിൽവെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു. ഇങ്ങനെ അവർ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീർത്തു. മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവർ മറന്നുകളഞ്ഞു. ആകയാൽ അവരെ നശിപ്പിക്കുമെന്നു അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു. അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു. അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവർക്കു തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.