സദൃശവാക്യങ്ങൾ 22:17-29

സദൃശവാക്യങ്ങൾ 22:17-29 വേദപുസ്തകം

ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക. അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം. നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു. നിന്നെ അയച്ചവർക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാൻ ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ. എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്ക്കൽവെച്ചു പീഡിപ്പിക്കയും അരുതു. യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും. കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു. നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു. നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു. വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു? നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു. പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നില്ക്കയില്ല.