ഫിലിപ്പിയർ 2:19-30

ഫിലിപ്പിയർ 2:19-30 വേദപുസ്തകം

എന്നാൽ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കു മനം തണുക്കേണ്ടതിന്നു തിമൊഥെയൊസിനെ വേഗത്തിൽ അങ്ങോട്ടു അയക്കാം എന്നു കർത്താവായ യേശുവിൽ ഞാൻ ആശിക്കുന്നു. നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു. അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ. ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു. ഞാനും വേഗം വരും എന്നു കർത്താവിൽ ആശ്രയിച്ചിരിക്കുന്നു. എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി. അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു. അവൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേൽ ദുഃഖം വരാതിരിപ്പാൻ എന്നോടും കരുണ ചെയ്തു. ആകയാൽ നിങ്ങൾ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാൻ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു. അവനെ കർത്താവിൽ പൂർണ്ണസന്തോഷത്തോടെ കൈക്കൊൾവിൻ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിൻ. എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ അവൻ തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.