മത്തായി 13:24-47

മത്തായി 13:24-47 വേദപുസ്തകം

അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു. മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു. ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്‌വന്നു. അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു. ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു. അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും. രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാൻ കൊയ്യുന്നവരോടു മുമ്പെ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയിൽ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു. മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു. അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു. ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു. അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു: നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ; വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ; കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ. കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും. മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു തീച്ചൂളയിൽ ഇട്ടുകളകയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ. സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം. അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി. പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.