യോഹന്നാൻ 9:24-34

യോഹന്നാൻ 9:24-34 വേദപുസ്തകം

കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: അവൻ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു. അതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവനെ ശകാരിച്ചു: നീ അവന്റെ ശിഷ്യൻ; ഞങ്ങൾ മോശെയുടെ ശിഷ്യന്മാർ. മോശെയോടു ദൈവം സംസാരിച്ചു എന്നു ഞങ്ങൾ അറിയുന്നു; ഇവനോ എവിടെനിന്നു എന്നു അറിയുന്നില്ല എന്നു പറഞ്ഞു. ആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചര്യം. പാപികളുടെ പ്രാർത്ഥന ദൈവം കേൾക്കുന്നില്ല എന്നും ദൈവഭക്തനായിരുന്നു അവന്റെ ഇഷ്ടം ചെയ്യുന്നവന്റെ പ്രാർത്ഥന കേൾക്കുന്നു എന്നും നാം അറിയുന്നു. കുരുടനായി പിറന്നവന്റെ കണ്ണു ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതൽ കേട്ടിട്ടില്ല. ദൈവത്തിന്റെ അടുക്കൽനിന്നു വന്നവൻ അല്ലെങ്കിൽ അവന്നു ഒന്നും ചെയ്‌വാൻ കഴികയില്ല എന്നു ഉത്തരം പറഞ്ഞു. അവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.