യോഹന്നാൻ 21:7-17

യോഹന്നാൻ 21:7-17 വേദപുസ്തകം

യേശു സ്നേഹിച്ച ശിഷ്യൻ പത്രൊസിനോടു: അതു കർത്താവു ആകുന്നു എന്നു പറഞ്ഞു; കർത്താവു ആകുന്നു എന്നു ശിമോൻ പത്രൊസ് കേട്ടിട്ടു, താൻ നഗ്നനാകയാൽ അങ്കി അരയിൽ ചുറ്റി കടലിൽ ചാടി. ശേഷം ശിഷ്യന്മാർ കരയിൽ നിന്നു ഏകദേശം ഇരുനൂറു മുഴത്തിൽ അധികം ദൂരത്തല്ലായ്കയാൽ മീൻ നിറഞ്ഞ വല ഇഴെച്ചുംകൊണ്ടു ചെറിയ പടകിൽ വന്നു. കരെക്കു ഇറെങ്ങിയപ്പോൾ അവർ തീക്കനലും അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോടു: ഇപ്പോൾ പിടിച്ച മീൻ ചിലതു കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ശിമോൻ പത്രൊസ് കയറി നൂറ്റമ്പത്തുമൂന്നു വലിയ മീൻ നിറഞ്ഞ വല കരെക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു അവരോടു: വന്നു പ്രാതൽ കഴിച്ചുകൊൾവിൻ എന്നു പറഞ്ഞു; കർത്താവാകുന്നു എന്നു അറിഞ്ഞിട്ടു ശിഷ്യന്മാരിൽ ഒരുത്തനും: നീ ആർ എന്നു അവനോടു ചോദിപ്പാൻ തുനിഞ്ഞില്ല. യേശു വന്നു അപ്പം എടുത്തു അവർക്കു കൊടുത്തു; മീനും അങ്ങനെ തന്നേ. യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാംപ്രാവശ്യം ശിഷ്യന്മാർക്കു പ്രത്യക്ഷനായി. അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു. രണ്ടാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ ഉവ്വു കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവൻ അവനോടു പറഞ്ഞു. മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക.