യിരെമ്യാവു 31:23-40

യിരെമ്യാവു 31:23-40 വേദപുസ്തകം

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ അവർ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതി നിവാസമേ, വിശുദ്ധപർവ്വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും. അതിൽ യെഹൂദയും അതിന്റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിൻ കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാർക്കും. ദാഹിച്ചിരിക്കുന്നവനെ ഞാൻ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവന്നും ഞാൻ തൃപ്തിവരുത്തും. ഇതിങ്കൽ ഞാൻ ഉണർന്നു എന്റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു. ഞാൻ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്തു വിതെക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. അന്നു ഞാൻ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെ മേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെ മേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു. അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു അവർ അന്നാളിൽ ഇനി പറകയില്ല. ഓരോരുത്തൻ താന്താന്റെ അകൃത്യംനിമിത്തമത്രേ മരിക്കുന്നതു; പച്ചമുന്തിരിങ്ങാ തിന്നുന്നവന്റെ പല്ലേ പുളിക്കുകയുള്ളു. ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു. എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു. ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു. സൂര്യനെ പകൽ വെളിച്ചത്തിന്നും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ വ്യവസ്ഥ എന്റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്റെ മുമ്പിൽ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധന ചെയ്‌വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെ ഒക്കെയും അവർ ചെയ്ത സകലവുംനിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു. ഈ നഗരം ഹനനേൽഗോപുരംമുതൽ കോൺവാതിൽവരെ യഹോവെക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. അളവുചരടു പിന്നെയും നേരെ ഗാരേബ് കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും. ശവങ്ങൾക്കും വെണ്ണീരിന്നും ഉള്ള താഴ്‌വര മുഴുവനും കിദ്രോൻ തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്റെ കോണുവരെയും ഉള്ള നിലങ്ങൾ മുഴുവനും യഹോവെക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളയുമില്ല.