അന്നാളിൽ അവർ യെഹൂദാദേശത്തു ഈ പാട്ടു പാടും: നമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവൻ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കി വെക്കുന്നു. വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിൻ. സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ. അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ. നീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു. അതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു. എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും. ദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല. യഹോവേ, നിന്റെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും. യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ. ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു. മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദർശിച്ചു സംഹരിക്കയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു. നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു. യഹോവേ, കഷ്ടതയിൽ അവർ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവർക്കു തട്ടിയപ്പോൾ ജപം കഴിക്കയും ചെയ്തു. യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു. ഞങ്ങൾ ഗർഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങൾ പ്രവർത്തിച്ചിട്ടില്ല; ഭൂവാസികൾ പിറന്നുവീണതുമില്ല. നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.
യെശയ്യാവു 26 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: യെശയ്യാവു 26:1-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ