ഉല്പത്തി 32:1-11

ഉല്പത്തി 32:1-11 വേദപുസ്തകം

യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു. യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു. അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. അവരോടു കല്പിച്ചതു എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്തു ഇന്നുവരെ അവിടെ താമസിച്ചു. എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാൻ ആളയക്കുന്നതു. ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങി വന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറു ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു, ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന്നു ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു. പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.

ഉല്പത്തി 32:1-11 - നുള്ള വീഡിയോ