പുറപ്പാടു 34:1-7

പുറപ്പാടു 34:1-7 വേദപുസ്തകം

യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും. നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപർവ്വതത്തിൽ കയറി; പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം. നിന്നോടുകൂടെ ആരും കയറരുതു. പർവ്വതത്തിലെങ്ങും ആരെയും കാണരുതു. പർവ്വതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു. അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപർവ്വതത്തിൽ കയറി; കല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി. അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു. യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.

പുറപ്പാടു 34:1-7 - നുള്ള വീഡിയോ