ദാനീയേൽ 2:1-16

ദാനീയേൽ 2:1-16 വേദപുസ്തകം

നെബൂഖദ്-നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി. രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവു കല്പിച്ചു; അവർ വന്നു രാജസന്നിധിയിൽ നിന്നു. രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു. അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു. രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും, സ്വപ്നവും അർത്ഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർത്ഥവും അറിയിപ്പിൻ. അവർ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നു ഉണർത്തിച്ചു. അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി. നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും. കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല. രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല. ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു. അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു. എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അര്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു. രാജസന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക്ക് ദാനീയേലിനോടു കാര്യം അറിയിച്ചു; ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.

ദാനീയേൽ 2 വായിക്കുക