അപ്പൊ. പ്രവൃത്തികൾ 8:26-38

അപ്പൊ. പ്രവൃത്തികൾ 8:26-38 വേദപുസ്തകം

അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു. അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു. ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു. ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു: ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു. തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ” ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി. അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. [അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.] അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.