അപ്പൊ. പ്രവൃത്തികൾ 7:20-35

അപ്പൊ. പ്രവൃത്തികൾ 7:20-35 വേദപുസ്തകം

ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി. പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു. അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി. അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു. ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല. പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ? ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു. ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. മോശെ ആ ദർശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ: ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല. കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക. മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു. നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.