അപ്പൊ. പ്രവൃത്തികൾ 28:1-9

അപ്പൊ. പ്രവൃത്തികൾ 28:1-9 വേദപുസ്തകം

രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്നു ഞങ്ങൾ ഗ്രഹിച്ചു. അവിടത്തെ ബർബരന്മാർ ഞങ്ങൾക്കു അസാധാരണ ദയ കാണിച്ചു, മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു. പൗലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്കു പറ്റി. ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നതു ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കൊലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്നു തമ്മിൽ പറഞ്ഞു. അവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല. അവൻ വീർക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു. ആ സ്ഥലത്തിന്റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ ചേർത്തു മൂന്നു ദിവസം ആദരവോടെ അതിഥിസൽക്കാരം ചെയ്തു. പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാർത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൗഖ്യം വരുത്തി. ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു.